യുക്തിവാദികളോട് സംവദിക്കുമ്പോള്‍

യുക്തിവാദികളോട് സംവദിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ശ്രദ്ധിക്കാവുന്നത് എന്ന് തോന്നുന്ന ചില കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്. ഇവിടെ യുക്തിവാദി എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്, ദൈവം ഇല്ല എന്ന് വാദിക്കാറുള്ള, മതങ്ങളെ ആക്രമിക്കാറുള്ള കേവല നിരീശ്വര വാദികളെയാണ്.യുക്തിവാദികള്‍ പൊതുവെ ചോദ്യങ്ങള്‍ ചോദിക്കാനും, വിശ്വാസികളെ വിമര്‍ശിക്കാനും, പലപ്പോഴും പരിഹസിക്കാനും ഉത്സുകരായിരിക്കും. അതുകൊണ്ട് തെന്നെ പല യുക്തിവാദി വിശ്വാസി സംവാദങ്ങളിലും , യുക്തിവാദി എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുകയും, വിശ്വാസി ഉത്തരം പറഞ്ഞുകൊണ്ടെയിരിക്കുകയും ആകും ചെയ്യുക. ഇത് യുക്തിവാദികള്‍ക്ക്, തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്ന ഒരു മിഥ്യാധാരണ നല്‍കുന്നു. മിക്ക യുക്തിവാദികള്‍ക്കും ദൈവത്തെ നിഷേധിക്കുക എന്നതില്‍ കവിഞ്ഞ്, ലോകത്തെ കുറിച്ചോ മറ്റു സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ചോ തങ്ങളുടേതായ ഒരു കാഴ്ച്ചപാടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണമായി ഇസ്ലാമിലെ വിവാഹ മോചന നിയമങ്ങളെ വിമര്‍ശിക്കുന്ന, ഒരു യുക്തിവാദിയോട്, അദ്ധേഹത്തിന്‍റെ മനസ്സിലുള്ള, ദുരുപയോഗം ചെയ്യാന്‍ ഒട്ടും സാധ്യതയില്ലാത്ത, പുരോഗമനപരം എന്ന് അദ്ദേഹം വിചാരിക്കുന്ന നിയമം വിശദീകരിക്കാന്‍ നമ്മുക്കും ആവശ്യപ്പെടാം. ശേഷം നമ്മുക്കും അദ്ധേഹത്തിന്‍റെ നിയമങ്ങളെ വിമര്‍ശിക്കാം.തീര്‍ച്ചയായും, യുക്തിവാദിയെ ഉത്തരം മുട്ടിക്കുക എന്നതാവരുത് നമ്മുടെ ലക്‌ഷ്യം. അദ്ദേഹത്തെ നമ്മുടെ വിശദീകരണം ക്ഷമയോടെ കേള്‍ക്കാന്‍ പാകപ്പെടുത്തുക എന്നതായിക്കണം നമ്മുടെ ഉദ്ദേശ്യം. ഉദാഹരണമായി, നേരത്തെ പറഞ്ഞ ചോദ്യത്തിന്ന് ഉത്തരം തേടുന്ന യുക്തിവാദി, ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്യതയില്ലാത്ത ഒരു നിയമവും തന്‍റെ പക്കല്‍ ഇല്ല , എന്ന സത്യം മനസ്സിലാക്കിയാല്‍, ഇസ്ലാം നിര്‍ദേശിക്കുന്ന പരിഹാരം എന്തെന്നും അതിനു മറ്റു നിയമങ്ങളെ അപേക്ഷിച്ചുള്ള മേന്മകള്‍ എന്താണന്നും ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറായേക്കാം. യുക്തിവാദികളോട് ചോതിക്കാവുന്ന ഏതാനും ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു.1. താങ്കള്‍ നിഷേധിക്കുന്ന ദൈവം എന്താണ് ?

ഇത് ചോദിക്കുമ്പോള്‍, യുക്തിവാദികള്‍ പറയാറുള്ളത്, ഒരു വസ്തുത ഉണ്ട് എന്ന് പറയുന്നവരാണ് അത് നിര്‍വചിക്കേണ്ടത് എന്നതാണ്. എന്നാല്‍ യുക്തിപരമായി ചിന്തിച്ചാല്‍, ഒരു വസ്തുത ഇല്ല എന്ന് പറയുന്നവരും ആ വസ്തു എന്താണ് എന്നറിഞ്ഞിരിക്കണം. ഉദാഹരണമായി, പേനയെ, പുസ്തകമായി മനസ്സിലാക്കുന്ന ഒരാള്‍, തന്‍റെ കയ്യില്‍ പേന ഉണ്ടങ്കിലും ഇല്ല എന്നെ പറയൂ. അതുകൊണ്ട് തെന്നെ, താന്‍ ഇല്ല എന്ന് പറയുന്ന ദൈവം എന്താണ് എന്ന് യുക്തിവാദി നിര്‍വചിക്കെണ്ടതുണ്ട്.2. ദൈവം ഇല്ല എന്ന് തെളിയിക്കാമോ ?

യുക്തിവാദി-വിശ്വാസി സംവാദങ്ങളില്‍, പ്രധാനമായും പ്രാഥമികമായും വരുന്ന ഒരു ചോദ്യമാണ് ദൈവം ഉണ്ട് എന്ന് തെളിയിക്കാമോ എന്നുള്ളത്. യുക്തിവാദികള്‍ ഒരു വെല്ലുവിളിയുടെ സ്വരത്തിലാണ് ഇത് ചോദിക്കാറുള്ളത്. വിശ്വാസി ഉടനതെന്നെ ദൈവം ഉണ്ട് തെളിയിക്കാനും, യുക്തിവാദി ചോദ്യങ്ങള്‍ ചോദിക്കാനും തുടങ്ങും. ഇത് സ്വാഭാവികമായും, യുക്തിവാദികള്‍ക്ക്, തങ്ങളുടെ വിശ്വാസം യുക്തിഭദ്രമാണെന്നും, എന്നാല്‍ വിശ്വാസികള്‍ അന്ധമായി വിശ്വസിക്കുന്നവരാണെന്നും എന്ന ഒരു തോന്നലുണ്ടാക്കുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍, ഇതേ ചോദ്യം നമ്മുക്ക് യുക്തിവാദിയോട് തിരിച്ചും ചോദിക്കാവുന്നതാണ്. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു യുക്തിവാദിയോട് അദ്ധേഹത്തിന്റെ വാദം തെളിയിക്കാന്‍ നമ്മുക്കും ആവശ്യപ്പെടാവുന്നതാണ്. ഈ ചോദ്യത്തിന്ന് യുക്തിവാദികള്‍ പ്രധാനമായും പറയാറുള്ള മറുപടികള്‍ ഇവയാണ്.എ) ഒരു വസ്തുത ഉണ്ട് എന്ന് പറയുന്നവരാണ് തെളിവ്‌ ഹാജരാകേണ്ടത്: യഥാര്‍ത്ഥത്തില്‍ യുക്തിപരം അല്ലാത്ത ഒരു വാദം ആണ് ഇത്. ഒരു വസ്തു ഇല്ല, എന്ന് തറപ്പിച്ചു പറയുന്നവരും, ആ വസ്തുവിനെ നിര്‍വചിക്കുകയും, ഇല്ല എന്നുള്ളതിന്ന് തെളിവ് ഹാജരാക്കുകയും വേണം. ഉദാഹരണത്തിന്ന് ഒരാള്‍ വിശ്വസിക്കുകയാണ് ചന്ദ്രനില്‍ വെള്ളമില്ല എന്ന്, അയാളോട് തെളിവ്‌ ആവശ്യപ്പെട്ടാല്‍, ഉണ്ട് എന്ന് പറയുന്നവാരാണ് തെളിവ്‌ ഹാജരാക്കേണ്ടത് എന്നു പറഞ്ഞു അയാള്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയില്ല, മറിച്ച് ഇല്ല എന്നതിന്ന് അദേഹം തെളിവ്‌ ഹാജരാക്കേണ്ടതുണ്ട്.ബി) ദൈവം ഉണ്ട് എന്നതിന് തെളിവൊന്നുമില്ല, അതുകൊണ്ട് ദൈവം ഇല്ല: ഈ വാദവും നിലനില്‍ക്കുന്നതല്ല. കാരണം യുക്തിവാദികളുടെ, ദൈവം ഉണ്ട് എന്നതിന്ന് തെളിവില്ല എന്ന വാദം അംഗീകരിച്ചാല്‍ തെന്നെ, തെളിവുകളുടെ അഭാവം അഭാവതിന്ന് തെളിവല്ല എന്നത് കേവലം പ്രാഥമിക യുക്തി മാത്രമാണ്. ഒരു വസ്തു നിലനില്‍ക്കുകയും എന്നാല്‍ തെന്നെ നമ്മുക്ക് അവ ഉണ്ട് എന്നതിന്ന് തെളിവുകള്‍ ഇല്ലാതിരിക്കുകയും ചെയ്യാം. ഉദാഹരണമായി ഭൂമിക്ക് പുറത്ത്‌ മറ്റെവിടെയെങ്കിലും ജീവനുണ്ട് എന്നതിന്ന് തെളിവുകള്‍ ഒന്നും തെന്നെ നമ്മുടെ പക്കല്‍ ഇല്ല, പക്ഷെ എന്നു കരുതി, ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്നു തറപ്പിച്ചു പറയാവതല്ല.സി) ദൈവം ഒരു കെട്ട് കഥയാണ്‌, കെട്ടുകഥകള്‍ യാഥാര്‍ത്യമല്ല എന്നു തെളിയിക്കേണ്ടതില്ല: ഇതാണ് മറ്റൊരു മറുവാദം. അതായത് ദൈവം എന്നു പറയുന്നത് കേവലം ഒരു ഭാവന സൃഷ്ടിയാണ് അതുകൊണ്ട് തെന്നെ അവ ഇല്ല എന്നു തെളിയിക്കേണ്ടതില്ല. ഉദാഹരണമായി ഒരു യുക്തിവാദി നമ്മോട് മറു ചോദ്യമായി, ചൊവ്വ ഗ്രഹത്തില്‍ ഉള്ള ചുവന്ന നിറത്തിലുള്ള രണ്ടു കൊമ്പുള്ള, മനുഷ്യര്‍ക്ക്‌ കണ്ടത്താന്‍ കഴിയാത്ത ഒരു ജീവി ഇല്ല എന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടേക്കാം. ഒന്നാമതായി നമ്മുക്ക് പറയാനുള്ളത്, ഇത്തരം ഒരു ജീവി ഒരു കാരണവശാലും ഉണ്ടായിരിക്കുകയില്ല എന്ന വാദം നമ്മുക്കില്ല എന്നതാണ്. അതോടൊപ്പം തെന്നെ, ഈ പ്രപഞ്ചത്തിന്ന് പിന്നിലെ കാരണമായ ദൈവം എന്ന ഉണ്മയ കുറിച്ചുള്ള ചര്‍ച്ചയില്‍ ഇത്തരം ഒരു ജീവി ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. കോടിക്കണക്കിനു മനുഷ്യര്‍, മനുഷ്യന്‍റെ ആരംഭം മുതലേ ആത്മാര്‍ഥമായും ഉണ്ട് എന്നു വിശ്വസിക്കുന്ന ദൈവം എന്ന വസ്തുത നമ്മെ നേരിട്ട് ബാധിക്കുന്നതാണ് അതുകൊണ്ട്തെന്നെ അത് ഉണ്ടായിരിക്കാവുന്നതിന്റെയും, ഇല്ലാതിരിക്കാവുന്നതിന്റെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സാംഗത്യമുണ്ട്. നേരത്തെ പറഞ്ഞ മാതിരി സാധനങ്ങള്‍ ഉണ്ട് എന്നത് താങ്കള്‍ പോലും ആത്മാര്‍ഥമായി വിശ്വസിക്കുന്നില്ല, അതുകൊണ്ട് തെന്നെ അതിനെ കുറിച്ച് ഒരു ചര്‍ച്ച ആവശ്യമില്ല, എന്ന് നമുക്ക് മറുപടി നല്‍കാം.ഡി) ശരി, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നേയുള്ളൂ, പക്ഷെ ദൈവം ഇല്ല എന്നു വിശ്വസിക്കുന്നില്ല, യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.ഇത്തരക്കാരോട് നമ്മുക്ക് പറയാവുന്നത്, അവരെ നിരീശ്വര വാദി എന്നല്ല മറിച്ച് സന്ദേഹവാദികള്‍ എന്നാണു വിളിക്കുക എന്നതാണ്. അതായത്‌ അവര്‍ ദൈവം ഉണ്ടായിരിക്കാനും, ഇല്ലാതിരിക്കാനുമുള്ള സാധ്യത അംഗീകരിക്കുന്നു. ഇവരോട് ഇനി നമ്മുക്ക്, ദൈവം ഇല്ലാതിക്കുന്നതിനേക്കാള്‍, ഉണ്ടായിരിക്കുന്നതിനാണ് സാധ്യത കൂടുതല്‍ എന്നു തെളിവുകള്‍ സഹിതം വിശദീകരിക്കാം. ദൈവ വിശ്വാസത്തോട് ശത്രുതാമനോഭാവം ഇല്ലാത്തതുകൊണ്ട് ഒരു പക്ഷെ ഇത്തരക്കാര്‍ നമ്മള്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കാന്‍ തയ്യാറായേക്കാം.സന്ധേഹത്തെ ആദര്‍ശമായി സ്വീകരിക്കുന്ന ഇവരോട് നമ്മുക്ക് സഹതപിക്കാം, അതോടൊപ്പം തെന്നെ, നമ്മുക്ക് അവരോടു പറയാം, താങ്കള്‍ ദൈവം ഇല്ല എന്ന വിശ്വാസം ഇല്ലാതിരിന്നിട്ടും, ദൈവ നിഷേധിയെപോലെ ജീവിച്ചു. ഇനി എന്തുകൊണ്ട് കുറച്ചു കാലം ദൈവ വിസ്വാസിയെപോലെ ജീവിച്ചു ആ മാനസികാവസ്ഥ കൂടി ഒന്ന് അറിഞ്ഞു കൂടാ ?. നമ്മുക്കവരെ, അവര്‍ വിശ്വാസി അല്ലാതിരിക്കെതെന്നെ പള്ളികളിലെക്കും മറ്റും സ്വാഗതം ചെയ്യാം.3. അധാര്‍മികതയോ, അതെന്താണ് ?യുക്തിവാദികള്‍ എപ്പോഴും, ധാര്‍മിക ജീവിതം നയിക്കാന്‍ മതമോ, ദൈവിക ചിന്തയോ ആവശ്യമില്ല എന്നും, ധാര്‍മിക ബോധം മനുഷ്യനില്‍ പ്രകൃത്യാ തന്നെ അന്തര്‍ലീനമായിട്ടുണ്ട് എന്നും വാദിക്കാറുണ്ട്. എന്നാല്‍ നമ്മുടെ വാദം, യുക്തിവാദികള്‍ക്ക് ധാര്‍മിക ജീവിതം നയിക്കാന്‍ കഴിയില്ല എന്നതല്ല, മറിച്ച് യുക്തിവാദത്തില്‍ കേവലമായ ധാര്‍മിക എന്നൊന്നില്ല എന്നതാണ്. അഥവാ യുക്തിവാദികള്‍ക്കുണ്ട് എന്ന് പറയുന്ന ധാര്‍മികത വ്യക്തിനിഷ്ടമാണ്. യുക്തിവാദ പ്രകാരം, നന്മ തിന്മ എന്നല്ലാം പറയുന്നത്, കേവലമായ മൂല്യങ്ങള്‍ അല്ല, മറിച്ചു, നഗരിതകളുടെ വികാസത്തില്‍ മനുഷ്യന്‍ തെന്റെ നിലനില്പിനും സൌകര്യതിന്നും വേണ്ടി നിര്‍മിചെടുത്ത ചില നിയമങ്ങള്‍ മാത്രമാണ്. ഉദാഹരണമായി ചില പാശ്ചാത്യന്‍ രാജ്യങ്ങളില്‍, റോഡിന്‍റെ വലത് വശം ചേര്‍ന്നാണ് വണ്ടി ഓടിക്കെണ്ടത്, അവിടെ ഇടതു വശം ചേര്‍ന്ന് വണ്ടി ഓടിക്കുന്നത് തെറ്റാണ്, ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഇന്ത്യ പോലുള്ള മറ്റു ചില രാജ്യങ്ങളില്‍ ഇത് നേരെ തിരിച്ചാണ്, ഇവിടെ ഇടതു വശം ചേര്‍ന്നാണ് വണ്ടി ഓടിക്കെണ്ടത്. വലത് വശം ചേര്‍ന്ന് ഓടിക്കുന്നത് തെറ്റാണ്. എന്നാല്‍ വലത് വശം ചേര്‍ന്ന് വണ്ടി ഓടിക്കുന്നതോ ഇടതു വശം ചേര്‍ന്ന് വണ്ടി ഓടിക്കുന്നതോ കേവലമായ തെറ്റല്ല, മറിച്ച് മനുഷ്യന്‍ അവന്‍റെ സൌകര്യത്തിന് വേണ്ടി നിര്‍മിച്ച ചില നിയമങ്ങള്‍ മാത്രമാണ്. ഇതേ പോലെ മനുഷ്യന്‍ തന്‍റെ സൌകര്യത്തിന് വേണ്ടി നിര്‍മിച്ച ചില നിയമങ്ങള്‍ മാത്രമാണ് കക്കരുത്, കൊല്ലരുത്, വ്യഭിചരിക്കരുത് പോലുള്ളവ - ഇവ കേവലമായ നന്മയോ തിന്മയോ അല്ല. ഈ അര്‍ത്ഥത്തില്‍ യുക്തിവാദി തനിക്ക് ഇഷ്ടപെട്ട ഒരു ധാര്‍മിക വ്യവസ്ഥിതി പിന്തുടരുന്നുണ്ടായിരിക്കാം, പക്ഷെ അവ കേവലവും മാറ്റമില്ലാത്തതും ആണെന്ന് യുക്തിവാദികള്‍ക്ക് തെന്നെയും വാദമില്ല, അതുകൊണ്ട് തെന്നെ യുക്തിവാദികള്‍ക്ക്, വിശ്വാസികളുടെ മേല്‍ അധാര്‍മികത ആരോപിക്കാന്‍ കഴിയില്ല.ഇവിടെ വിശ്വാസികളുടെ ഈ വിഷയകമായ വീക്ഷണം കൂടി നമ്മുക്ക് വിശദീകരിച്ചു കൊടുക്കാം. അതായത്, മനുഷ്യന്‍ ഇതര ജീവ ജാലങ്ങളില്‍ നിന്നും വിത്യസ്തമായ ഒരു സൃഷ്ടിയാണെന്നും, കേവലമായ നന്മ തിന്മകള്‍ ഉണ്ട് എന്നും വിശ്വാസി വിശ്വസിക്കുന്നു. ഈ മൂല്യങ്ങള്‍ കേവലമാണെന്നും മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും അതങ്ങനെ തെന്നെയായിരിക്കും എന്നും വിശ്വാസി കരുതുന്നു. ഒരര്‍ത്ഥത്തില്‍ യുക്തിവാദികള്‍ അടക്കം എല്ലവാരും ഇത് വിശ്വസിക്കുന്നുണ്ട്, പുറമേക്ക് ഇങ്ങനെ വാദിക്കാറില്ലെങ്കിലും, കാരണം അതുകൊണ്ടാണല്ലോ ഞങ്ങള്‍ക്കും ധാര്‍മികമായ നിയമങ്ങള്‍ പാലിച്ച് ജീവിക്കാന്‍ കഴിയും എന്നവര്‍ വാദിക്കാറുള്ളത്. എന്നാല്‍ ദൈവത്തെ ഒഴിച്ച് നിര്‍ത്തിയാല്‍, കേവലമായ നന്മ തിന്‍മകള്‍ ഇല്ല തെന്നെ. അതുകൊണ്ട് തെന്നെ, കേവലമായ നന്മ തിന്‍മകള്‍ ഉണ്ട് എങ്കില്‍ അത് ദൈവം ഉണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.4. മതങ്ങങ്ങളില്ലാത്ത ലോകം നന്‍മ നിറഞ്ഞതാകുമോ ?

യഥാര്‍ത്ഥത്തില്‍ യുക്തിവാദികളില്‍ നിന്നും വരാറുള്ള വളരെ നിരുത്തരവാദപരമായ ഒരു വാദഗതിയാണ് മതങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നത്. മതങ്ങളില്ലാത്ത ഒരു ലോകം സമാധാനപൂര്‍ണമാകുമോ ? സാധ്യത കുറവാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും, ഹിരോഷിമയും, നാഗസാക്കിയും, വിയറ്റ്നാമും മൊന്നും മതം മൂലമുണ്ടായതല്ല. സെപ്റ്റംബര്‍ 11 ഉം, അഫ്ഗാനിസ്ഥാന്‍ ഇറാഖ് യുദ്ധങ്ങള്‍ക്കുമെല്ലാം കാരണം മതമാണെന്ന ലളിത യുക്തി സാമ്രാജത്യത്തെയും അവരുടെ രീതികളെയും നിരീക്ഷിക്കുന്ന യുക്തിവാദികള്‍ക്ക് ഏതായാലും ഉണ്ടായിരിക്കുകയില്ല. തീര്‍ച്ചയായും മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മിലടിച്ചിട്ടുണ്ട്, പലപ്പോഴും സങ്കുചിത ദേശീയതയും, അധികാര കൊതിയും മതവികാരത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു, പക്ഷെ ഇതല്ലാം മതം ഉള്ളത് കൊണ്ടാണെന്ന് പറയുന്നത് യുക്തിയല്ല. കേവലം ഫുട്ബാള്‍ കളിയുടെ പേരില്‍ പോലും മനുഷ്യര്‍ ചേരി തിരിഞ്ഞു തല്ലു കൂടിയുട്ടുണ്ട്, എന്ന് കരുതി ആ കളിയാണ് കുഴപ്പങ്ങള്‍ക്ക് കാരണം എന്നാരും പറയില്ലല്ലോ. അതോടൊപ്പം മതങ്ങള്‍ മനുഷ്യ സമൂഹത്തിന്ന് നല്‍കിയ സംഭാവനകളും നാം ഓര്‍ക്കേണ്ടതുണ്ട്, ലോകത്ത് ഏറ്റവും അധികം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മത വിശ്വാസികളാണ്, പല മനുഷ്യര്‍ക്കും ജീവിതത്തിന്ന് അര്‍ത്ഥവും ദിശാ ബോധവും നല്‍കുന്നതും മതമാണ്‌. സ്വാര്‍ഥതയുടെ ഈ മുതലാളിത്ത ലോകത്ത്, പാവപ്പെട്ടവന്റെയും, പാര്ശ്വവല്‍കരിക്ക പെട്ടവന്റെയും കൂടെ നില്‍ക്കുന്നത് ഇന്നും മത ദര്‍ശനങ്ങളാണ്.