ഖുര്‍ആനിലെ ഭൂമി പരന്നതോ ?

വിശുദ്ധ ഖുര്‍ആനിലെ ഭൂമിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട മലയാളത്തില്‍ ബ്ലോഗ്‌ എഴുതിയ ബൂലോഗത്തെ ഒരു പ്രമുഖ ഇസ്ലാം വിമര്‍ശകനുമായി കമ്മന്റിലൂടെ സംവദിച്ചിരുന്നു. അന്നെഴുതിയ മറുപടിയാണ് ഇവിടെ ഒരു പോസ്റ്റ്‌ ആയി കൊടുക്കുന്നത്. വിമര്‍ശനം ഖുര്‍ആനില്‍ ഭൂമിയെ കുറിച്ച പ്രയോഗിച്ചിട്ടുള്ള "പരത്തി","വിശാലമാക്കി" പോലെയുള്ള പ്രയോഗങ്ങളള്‍ കേന്ദ്രീകരിച്ചാണ്. ഖുര്‍ആനില്‍ ഭൂമിയെ വിരിപ്പിനോട് ഉപ്മിച്ചിട്ടുണ്ട് അത് കൊണ്ട് ഖുര്‍ആനിലെ ഭൂമി വിരിപ്പു പോലെ പരന്നതാണ് എന്നും, ആധുനിക മുസ്ലിംകള്‍ അത് ഉരുട്ടാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ആക്ഷേപം. വിമര്‍ശകര്‍ ഉദ്ധരിക്കാരുള്ള ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കുക.

ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പും ആകാശത്തെ മേലാപ്പുമാക്കിത്തരികയും, മാനത്തുനിന്ന് ജലം വര്‍ഷിച്ച് അത് കൊണ്ട് നിങ്ങള്‍ക്കാഹരിക്കാനുള്ള കായ്കനികള്‍ ഉത്പാതിപ്പിച്ചുതരികയും ചെയ്തവനെത്രേ അവന്‍। അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ അല്ലാഹുവിന്ന് സമന്മാരെ കല്‍പ്പിക്കാതിരിക്കുക(ഖുര്‍ആന്‍ 2:22)

അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചു നില്‍ക്കുന്ന പര്‍വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈരണ്ടു ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെകൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തമുണ്ട് (ഖുര്‍ആന്‍ 13:03)

ഭുമിയെ ഞാന്‍ ഒരു വിരിപ്പാക്കിയില്ലേ?(ഖുര്‍ആന്‍ 78:6)

ഈ സൂക്തതങ്ങളില്‍ നിന്നും,ഖുര്‍ആനിന്‍റെ രചയിതാവ് ഭൂമിയുടെ ആകൃതിയെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കാമോ? മുസ്ലിംകള്‍ ഖുര്‍ആനില്‍ നിന്നും അങ്ങനെ മനസ്സിലാകുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നോ? നമ്മുക്ക് പരിശോധിക്കാം।


ആദ്യമായി മനസ്സിലാക്കേണ്ടത്‌, ഭൂമിയുടെ ഗോളാകൃതി കണ്ടുപിടിച്ചത്‌ ഗലീലിയയോ, കോപ്പര്‍നിക്കസോ അല്ല എന്നതാണ്. ക്രിസ്തുവിനു ആറു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് ഗ്രീക്ക്‌ തത്വചിന്തകര്‍ മനസ്സിലാക്കിയിരിന്നു. ടോളമിയുടെ പ്രാപഞ്ചിക മാതൃക ഭൂകേന്ദ്രീകൃതമായിരുന്നെങ്കിലും ഭൂമിയടക്കമുള്ള ഗോളങ്ങളുടെ ആകൃതി ഉരുണ്ടത് തെന്നെയായിരുന്നു. ഒരു വിധം എല്ലാ ഗ്രീക്ക്‌ തത്ത്വചിന്തകരും ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിച്ചിരുന്നു പൈതഗോറസ്(Pythagoras 570 BC), ഹെറോടോടസ് (Herodotus 431 BC) , പ്ലാടോ (Plato 427 BC), അറിസ്ടോട്ടില്‍ (Aristotle 384 BC), എറാസ്തെനിസ്(Eratosthenes 276 BC) പോലുല്ലവരെല്ലാം തെന്നെ ഭൂമി ഉരുണ്ടതാണ് എന്ന് മനസ്സിലാക്കിയിരുന്നു എറാസ്തെനിസ് 240 ബി സി യില്‍ ഭൂമിയുടെ ചുറ്റളവ്‌ അളക്കാന്‍ പോലും ശ്രമിച്ചു।
രസകരമായ വസ്തുത, ഈ വിമര്‍ശകര്‍ പലപ്പോഴും പറയാറുള്ളത്‌,പ്രാചീന അറബികള്‍ക്ക് ഗ്രീക്ക്‌ തത്വചിന്തകളുമായി പരിചയമുണ്ടായിരുന്നു എന്നും ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രീയ പരാമര്‍ശങ്ങള്‍, മുഹമ്മദ്‌ നബി ഗ്രീക്ക്‌ ശാസ്ത്രഞ്ജരില്‍ നിന്നും കടമെടുത്തതാണ് എന്നു മാണ്. ഏതായിരുന്നാലും ആദ്യകാല മുസ്ലിംകളും ഭൂമി ഉരുണ്ടതാണ് എന്ന് തെന്നെയാണ് മനസ്സിലാക്കിയിരുന്നത്.  A History of Astronomy from Thales to Kepler (Auothered by Ile Dreyar 2nd Edn, Dover Publication, New York) എന്ന പുസ്തകത്തില്‍ പറയുന്നത് നോക്കുക.

"Any how, the fact of the earth being a sphere of very small dimensions in comparison to the size of the universe was accepted without a position by every Arabian Scholar, and the very first scientific work undertaken after the vise of Astronomy among them was a determination of the size of the earth। It was carried out by order of Khalif Al-Mamoon in the plane Palmyr...The cricumference of the earth being 20400 miles and the diameter 6500 miles"
"പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ പരിമാണം മാത്രമുള്ള ഒരു ഗോളമാണ് ഭൂമിയെന്ന വസ്തുത ഏതോ വിധത്തില്‍ അറേബ്യന്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അനിഷേധ്യമായ സ്വീകാര്യത നേടിക്കഴിഞ്ഞിരുന്നു। അവര്‍ക്കിടയില്‍ ജോതിശാസ്ത്രത്തിന്റെ ഉദ്ഗതിയെ തുടര്‍ന്ന് ആദ്യമായി നടത്തപ്പെട്ട ശാസ്ത്രീയ സംരംഭം ഭൂമിയുടെ വലിപ്പം നിര്‍ണയിക്കുകയായിരുന്നു. പാല്‍മിറ സമതലത്തില്‍ ഖലീഫ മാമൂന്റെ ഉത്തരവ് പ്രകാരമാണ് അത് നടന്നത്...അങ്ങിനെ ഭൂമിയുടെ ചുറ്റളവ്‌ 20400 നാഴികയായും വ്യാസം 6500 നാഴികയായും കണക്കാക്കപ്പെട്ടു. (ഉദ്ധരണം: ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുന്നില്‍: ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌)"

ഗലീലിയോ ജനിക്കുന്നതിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ്, 830 AD യില്‍ ആണ് ഇത് നടന്നത് എന്നും, ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഖലീഫയാണ് ഈ സംരംഭത്തിന്ന് ഉത്തരവ് നല്‍കിയത് എന്നും ഓര്‍ക്കുക. ഭൂമിയുടെ ചുറ്റളവ്‌ കൃത്യമായി കണക്കാക്കിയ മറ്റൊരു മുസ്ലിംപണ്ഡിതനായിരുന്നു അല്‍-ബിറൂനി (Abu Rayhan Biruni 973 AD) അദ്ദേഹം ഭൂമിയുടെ ആരമായി കണക്ക് കൂട്ടിയത്‌ 6,339.9km ആണ്, ഇത് യഥാര്‍ത്ഥ അളവിനേക്കാള്‍ വെറും 16.8 കിലോ മീറ്റര്‍ മാത്രമേ വിത്യാസമുള്ളൂ എന്നോര്‍ക്കുക. പടിഞ്ഞാറിന്നു ഈ അളവ് കിട്ടുന്നതിനു പതിനാറാം നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വന്നു എന്നതും സ്മരണീയമാണ്.
(അവലംബം: http://en.wikipedia.org/wiki/Biruni )

ഇവരെല്ലാവരും തെന്നെ ഖുര്‍ആന്‍ ദൈവികമാണെന്ന് വിശ്വസിച്ചവരും ഖുര്‍ആന്‍ അറിയുന്നവരും ആയിരുന്നു. അവരാരും തെന്നെ ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിക്കുന്നത് ഖുര്‍ആനിന്ന് വിരുദ്ധമാണ് എന്ന് മനസ്സിലാക്കിയില്ല. അക്കാലത്തെ അറിയപ്പെടുന്ന ഒരു മുസ്ലിം പണ്ഡിതനും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.  യഥാര്‍ത്ഥത്തില്‍ ആദ്യകാല മുസ്ലിം പണ്ഡിതന്മാര്‍ ആരും തെന്നെ മനസ്സിലാക്കാത്ത ഒരു കാര്യമാണ് നമ്മുടെ ആധുനിക യുക്തിവാദികള്‍ ഖുര്‍ആനില്‍നിന്നും മനസ്സിലാക്കുന്നത്. ഇബ്നുതൈമിയയെ(1263-1328 AD) പോലുള്ള ആദ്യ കാല ഇസ്ലാമിക പണ്ഡിതന്മാര്‍ ഭൂമി ഉരുണ്ടതാണ് എന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര്‍ എകാഭിപ്രായമാണ് (ഇജ്മാ) എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം റാസിയും ഇക്കാര്യം അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. നമ്മുടെ യുക്തിവാദികള്‍ക്ക് ഏതായാലും ഇവരെക്കാളും ഖുര്‍ആന്‍ പാണ്ഡിത്യവും അറബി ഭാഷാ പരിജ്ഞാനവും ഉണ്ടാവില്ലല്ലോ.

ആകൃതിയോ പ്രകൃതിയോ?
ഈ സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുക്കാതെ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും അവ ആകൃതിയെ കുറിക്കുന്നവയല്ല, മറിച്ച് ഭൂമിയുടെ പ്രകൃതിയെ കുറിച്ചാണ് എന്ന്. ഖുര്‍ആന്‍ ഭൂമിയെ വിരിപ്പിനോട് മാത്രമല്ല ഉപമിചിട്ടുള്ളത് മെത്തയോടും, തൊട്ടിലിനോടും എല്ലാം ഉപമിചിട്ടുണ്ട്. ഇവയെല്ലാം ഒരേ ആകൃതിയാണോ? തൊട്ടില്‍ വിരിപ്പ് പോലെ പരന്ന് നിശ്ച്ചേട്ടമായി കിടക്കുന്നതാണോ? ഈ സൂക്തങ്ങള്‍ ഭൂമി ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി ഉള്ളതല്ല, മനുഷ്യര്‍ക്ക്‌ വേണ്ടി ഭൂമിയെ എങ്ങനെ വാസയോഗ്യമാക്കി തന്നിരിക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഖുര്‍ആന്‍. ഭൂമിയെ പരവതാനി പോലെയും, മെത്ത പോലെയും, തൊട്ടില്‍ പോലെയും എല്ലാം വിതാനിച്ച സൃഷ്ടികര്‍ത്താവിനെ മനുഷ്യന് എങ്ങനെയാണ് നിഷേധിക്കാന്‍ കഴിയുക എന്നതാണ് ഖുര്‍ആന്‍റെ ചോദ്യം. ആ സൂക്തം ഒന്നുകൂടി വായിച്ചു നോക്കൂ!

ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പും ആകാശത്തെ മേലാപ്പുമാക്കിത്തരികയും, മാനത്തുനിന്ന് ജലം വര്‍ഷിച്ച് അത് കൊണ്ട് നിങ്ങള്‍ക്കാഹരിക്കാനുള്ള കായ്കനികള്‍ ഉത്പാതിപ്പിച്ചുതരികയും ചെയ്തവനെത്രേ അവന്‍। അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ അല്ലാഹുവിന്ന് സമന്മാരെ കല്‍പ്പിക്കാതിരിക്കുക(ഖുര്‍ആന്‍ 2:22)


ഇനി, ഇവിടെ വിരിപ്പിന്നു പകരം, യുക്തിവാദികള്‍ പറയുന്ന പോലെ "ഭൂമിയെ നിങ്ങള്‍ക്ക്‌ പന്ത് പോലെ ആക്കി തരികയും" എന്ന് വായിച്ചു നോക്കൂ। അസംബന്ധമായി തോന്നുന്നില്ലേ ? "അര്‍ള്" എന്ന അറബി പദം‍, ഭൂമിയെ മൊത്തം അല്ലാതെ, നാം കാണുന്ന ഭൂപ്രദേശത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാം. മലയാളത്തിലും ഇംഗ്ലീഷിലും എങ്ങനെ ഉപയോഗിക്കാറുണ്ടല്ലോ?തീര്‍ച്ചയായും ഭൂമിയെ മെത്ത പോലെ, വിരിപ്പ് പോലെ, തോട്ടില്‍ പോലെ വിതാനിച്ച ദൈവത്തിന്നു നാം നന്ദി പറയണം. നാം അറിഞ്ഞിടത്തോളം ഭൂമി മാത്രമേ മനുഷ്യന് വാസയോഗ്യമായി ഈ പ്രപഞ്ചത്തില്‍ ഉള്ളൂ.

ഈ സൂക്തങ്ങള്‍ ഉപയോഗിച്ച് ആധുനിക മുസ്ലിംകള്‍ ഭൂമി ഉരുട്ടുന്നത് വരെ, എല്ലാ മുസ്ലിംകളും ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കിയത്‌ പരന്ന ഭൂമിയാണ് എന്ന് പറയുന്നവര്‍, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ മാത്രമല്ല ചരിത്രവും അറിയാത്തവരാണ് എന്ന് പറയേണ്ടി വരും.