പെണ്ണുങ്ങള്‍ ഒറ്റക്ക് പോകാന്‍ ഒരുമ്പെടുമ്പോള്‍

(ജമീല്‍ അഹമദ്‌ – 2011  ജൂലൈ 30 ലെ പ്രബോധനം വാരികയില്‍ എഴുതിയ ലേഖനം)

 

കേരളത്തിലെ സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ തുടക്കത്തില്‍ ഉയര്‍ത്തപ്പെട്ടിരുന്ന പ്രധാനപ്പെട്ട ഒരാശയമായിരുന്നു 'ഒറ്റയ്ക്ക്' എന്നത്. പുരുഷന്റെ തണലും തുണയുമില്ലാതെ ഒറ്റക്കുതന്നെ ഒരു പെണ്ണിന് എന്തും ചെയ്യാന്‍ വകുപ്പും തന്റേടമുണ്ടാകണമെന്നും സ്വാതന്ത്ര്യം നല്‍കണമെന്നുമായിരുന്നു ആ വാക്കിന്റെ കാതല്‍. 'ഒറ്റക്കിറങ്ങി നടക്കാന്‍ പഠിച്ചു ഞാന്‍...' (സുഗതകുമാരി - ഒറ്റക്ക്) തുടങ്ങിയ വരികള്‍ക്ക് വായനയില്‍ അന്ന് വലിയ കോലാഹലം സൃഷ്ടിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ സ്ത്രീവാദ സംഘങ്ങള്‍ പലവഴിക്ക് പല തരത്തില്‍ പിരിയുകയും ഫെമിനിസത്തിന്റെ സവിശേഷതകളില്‍ തന്നെ പ്രധാനമായ വൈരുധ്യാധിഷ്ഠിത ചിന്താധാരകളില്‍ പലതും കേരളത്തിലും ഉടലെടുക്കുകയും ചെയ്തു. പിന്നീട് അതിന്റെ മൂര്‍ധന്യത്തില്‍, പതിറ്റാണ്ടുമുമ്പ് മറ്റൊരു സംവാദം ഇവിടെ രൂപപ്പെട്ടു. 'സ്ത്രീ ഒറ്റക്ക് താമസിച്ചാലെന്താണ്' എന്ന ചോദ്യമാണുയര്‍ത്തപ്പെട്ടത്. നഗരത്തില്‍ ഒറ്റക്കു താമസിക്കുന്ന എഴുത്തുകാരികളായ ചില സ്ത്രീകളെ അയല്‍വാസികളായ പുരുഷസമൂഹം വേറെ കണ്ണോടെ കാണുന്നതാണ് കുഴപ്പമായത്. പച്ചക്കുതിര പോലുള്ള മാസികകള്‍ അതിനെ ഏറ്റെടുത്തു, ആഘോഷിച്ചു. സ്ത്രീകള്‍ രാത്രി നഗരം കൈയടക്കുക പോലുള്ള ചില ഫെമിനിസ്റ്റ് പ്രകടനങ്ങളും ഇക്കാലത്തുണ്ടായി. ഇതാ, ഇപ്പോള്‍ ചില സമകാലിക സംഭവങ്ങളുടെ പേരില്‍ സ്ത്രീ ഒറ്റക്ക്, അല്ലെങ്കില്‍ 'പുരുഷ സുഹൃത്തി'നോടൊപ്പം പാതിരാത്രില്‍ യാത്രചെയ്യുന്നത് അവരുടെ വിമോചനത്തിന്റെ മറ്റൊരു കാര്യപരിപാടികൂടിയായി എഴുതിച്ചേര്‍ത്തിരിക്കുന്നു.

നാലുവയസ്സുകാരിയെ പതിനാലുകാരന്‍ ബലാത്സംഗം ചെയ്തു കൊന്ന് മരപ്പൊത്തിലൊളിപ്പിച്ചുവെച്ച മലയാളനാടാണ് നമ്മുടേത്. നാലാംതരക്കാരനും എണ്‍പതുകാരനും ബലാത്സംഗ വീരന്മാരായ നാട്. പുരുഷന്റെ ലൈംഗികമായ അക്രമവാസന ഇങ്ങനെ പെരുകുമ്പോള്‍ സ്ത്രീ പാതിരാവില്‍ ഒറ്റക്ക് യാത്രചെയ്യണമെന്ന് ശഠിക്കുന്നത് ശരിയാണോ എന്ന് ചോദിക്കുന്നതുപോലും സ്ത്രീവിരുദ്ധമായി കാണുന്നുമുണ്ട്. ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അത്തരമൊരു ചോദ്യം ചോദിച്ചത് മഹാകുഴപ്പമായി. സ്ത്രീയുടെ വസ്ത്രധാരണത്തിലെ അമിതാകര്‍ഷണീയത, പെരുമാറ്റത്തിലെ വശീകരണത്വം, സ്ത്രീകളുടെ രാത്രിപ്പെരുമാറ്റങ്ങളിലെ സുരക്ഷിതത്വം എന്നിവയെക്കുറിച്ച് സംസാരിച്ചവരൊക്കെ ഇങ്ങനെ സ്ത്രീവിരുദ്ധരായവരാണ്. അതറിഞ്ഞുകൊണ്ടുതന്നെ, പെണ്ണുങ്ങളുടെ രാത്രിയാത്രയിലെ ശരികേടിലേക്ക് വേറെയും ചില ചിന്തകള്‍ ചേര്‍ത്തുവെക്കേണ്ടതുണ്ട്. അവയത്രയും സ്ത്രീവിരുദ്ധമാണെന്നു മാത്രം പറയല്ലേ. പെണ്ണുങ്ങള്‍ക്കുവേണ്ടി ഇങ്ങനെയും പറഞ്ഞുകൂടേ എന്ന് വിനീതമായി ഒരു 'പുരുഷന്‍' ഇതിനാല്‍ ചോദിക്കുന്നു.

1. പുരുഷന്മാരുടെ കാമാസക്തി വര്‍ധിപ്പിക്കുന്ന (വ്യാജ)മരുന്നുകമ്പനികള്‍ കോടികള്‍ സമ്പാദിക്കുന്ന നാടുകൂടിയാണ് കേരളം. ആണിന്റെ ജീവിതോദ്യമം ഇതുമാത്രമാണെന്നാണല്ലോ അവരുടെ പരസ്യം. അതും പടുവൃദ്ധന്‍മാര്‍ പോലും കരുത്തുനേടുന്നു എന്ന നുണകളുടെ അകമ്പടിയോടെ. പുരുഷന്മാരുടെ ശക്തിക്കുറവു നികത്തുന്ന നൂറുകണക്കിന് സെക്‌സ് വൈദ്യന്മാരുടെ കുറിപ്പടിപ്പരസ്യങ്ങള്‍ വേറെയും. ഈ മരുന്നു കമ്പനിക്കാരും അവരുടെ പരസ്യം മുഴുവന്‍ പ്രസിദ്ധീകരിച്ച് കാശു വാരുന്ന പത്രങ്ങളും നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ മാറിയ ലൈംഗികബോധങ്ങളുടെ കാരണക്കാരാണ്.  ആണുങ്ങളുടെ ലൈംഗികശേഷിയെക്കുറിച്ച് മലയാളത്തിലെ ആരോഗ്യമാസികകള്‍ ഒന്നിടവിട്ട് വിളമ്പുന്ന കവര്‍‌സ്റ്റോറികള്‍ ഇതിന്റെ മറ്റൊരു വശമാണ്. പെണ്ണ് ആണിന്റെ ലൈംഗികസംതൃപ്തിക്കുള്ള ഉപകരണമാണെന്ന പൊതു പുരുഷബോധം പടച്ചുവെക്കാന്‍ പണിയെടുക്കുന്ന ഇക്കൂട്ടരെ നിയന്ത്രിക്കുകയാണ് ആദ്യം വേണ്ടത്. അതുകഴിഞ്ഞു പോരെ ഒറ്റക്കുള്ള രാത്രിസഞ്ചാരത്തിന് വാതില്‍ തുറക്കുന്നത്?

2. ദുഷ്ടനും കാമവെറിയനുമായ ഒരു പുരുഷശത്രുവെ സകലമാന സ്ത്രീകള്‍ക്കുമായി മാധ്യമവിചാരണവേദികള്‍ നിര്‍മിച്ചുനല്‍കിയിരിക്കുന്നു. പറഞ്ഞ് പറഞ്ഞ് ഏതൊരു ആണും എപ്പോഴാണ് ഒരൊറ്റക്കൈയന്‍ ഗോവിന്ദച്ചാമിയാവുക എന്ന ഭയപ്പാട് വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. മാധ്യമങ്ങളില്‍ പെരുകുന്ന പീഡനവാര്‍ത്തകള്‍ക്ക് അങ്ങനെയും ഒരു റിയാക്ഷനുണ്ട്. ആണിന് എപ്പോഴും അങ്ങനെ ആവാം എന്ന പൊതുധാരണ ആ ചാപ്പക്കുത്തലില്‍ രൂപംകൊള്ളുന്നുണ്ട്. അവിടെയും ഇരകള്‍ പെണ്ണുങ്ങള്‍ തന്നെ. വഴിയില്‍ കാണുന്ന  പിച്ചക്കാരനെ മാത്രമല്ല, അധ്യാപകനെയും സന്ന്യാസിയെയും ഉസ്താദിനെയും സുഹൃത്തിനെത്തന്നെയും പേടിച്ചു പേടിച്ച് പെണ്‍ജീവിതം നൂലില്‍ കെട്ടിയ വാളിനു കീഴിലായിരിക്കുന്നു. എന്നിട്ടും പെണ്ണുങ്ങള്‍ രാത്രി, ഒറ്റക്ക് (അല്ലെങ്കില്‍ അതേ പുരുഷ സുഹൃത്തിന്റെ കൂടെ) യാത്രചെയ്യണമെന്ന് വാദിച്ചുകൊണ്ടേയിരിക്കുന്നു. സകലമാന ആണുങ്ങളെയും പിടിച്ച് ജയിലിലടച്ചോ പെണ്ണുങ്ങള്‍ക്ക് പുറത്തിറങ്ങി വിലസാന്‍ പാകത്തില്‍ ആണുങ്ങള്‍ പുറത്തിറങ്ങുന്നത് നിരോധിച്ചോ വേണ്ടേ ഈ സമരം?

3. മദ്യം ആണിനുള്ള വീര്യപാനീയമാണ് എന്നാണ് വെപ്പ്. നിയന്ത്രിക്കപ്പെട്ടിരിക്കുന്നു അതിന്റെ പൊതുപരസ്യങ്ങള്‍. എങ്കിലും സോഡയുടെയും ശീതളപാനീയത്തിന്റെയും പേരില്‍ അവ പ്രമുഖ പത്രങ്ങളില്‍ വരെ ഇപ്പോഴും വരുന്നു.  അവ മുഴുവന്‍ ശ്രദ്ധിച്ചുനോക്കൂ, അവനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പെണ്‍ മോഡല്‍ കൂടിയുണ്ടായിരിക്കും. മദ്യം പെണ്ണിനെ വശീകരിക്കാന്‍ കൂടിയുള്ളതാണെന്നര്‍ഥം. ചിലര്‍ക്ക് അത് പെണ്ണിനെ മര്‍ദിക്കാനും അവളെ കീഴ്‌പ്പെടുത്താനും കൂടിയുള്ളതാണെന്നത് യാഥാര്‍ഥ്യം. പാതിരാത്രിയില്‍ നഗരവനിതകളെ ആക്രമിച്ച സംഭവത്തില്‍ വരെ മദ്യം പ്രധാന വില്ലനാണ്. കേരളത്തിലെ സ്ത്രീവാദികള്‍ ആദ്യം ആവശ്യപ്പെടേണ്ടത് മദ്യം നിരോധിക്കാനല്ലേ. നഗരത്തില്‍ കാമവെറിയന്മാരായ പുരുഷന്മാര്‍ മദ്യപിച്ച് മതിമറക്കുന്ന പാതിരാത്രികളില്‍ ഒറ്റക്ക് സഞ്ചരിക്കണമെന്ന് വാശിപിടിക്കുന്നത് അതുകഴിഞ്ഞു പോരേ.

4. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാരികകളും മാസികകളും പെണ്ണിന്റെ പാതിരാത്രിയിലെ യാത്രാനുഭങ്ങള്‍ വാരിക്കോരി വിശദീകരിക്കുന്നു. വേശ്യകളുടെ അനുഭവക്കുറിപ്പുകള്‍ വരെ അച്ചടിച്ച് പണം സമ്പാദിച്ച ഒരു പ്രമുഖ പുസ്തകശാല പെണ്‍യാത്രാനുഭവങ്ങളും അച്ചടിച്ച് പുസ്തകമാക്കി വിറ്റഴിച്ചുകൊണ്ടിരിക്കുന്നു. ആരാണ് അതിന്റെ വായനക്കാര്‍? പെണ്ണിനെ പീഡിപ്പിക്കുന്ന പുരുഷനും  ആ പീഡന വാര്‍ത്ത വായിച്ച് രസിക്കുന്ന മറ്റൊരു പുരുഷനുമുണ്ട്.  ആ വായനക്കാരനെ ലക്ഷ്യമിട്ടാണ് പെണ്ണനുഭവങ്ങളൊക്കെയും അച്ചടിക്കപ്പെടുന്നത്. അതുകൊണ്ടാണ് 'അവളുടെ രാത്രികള്‍' കവര്‍‌സ്റ്റോറിയാകുന്നത്.  നോക്കൂ, പഴയൊരു എ പടത്തിന്റെ പേരിനോട് ചാര്‍ച്ചയുള്ള ഈ കവര്‍ക്കുറിപ്പില്‍ പോലും ഒരു ആണ്‍ വായനയുടെ ചൂണ്ടക്കൊളുത്തുണ്ട്. 'ഇതാ പെണ്ണിന്റെ പീഡാനാനുഭവങ്ങള്‍ - വാങ്ങൂ, വായിക്കൂ' എന്ന മട്ടില്‍. സ്വന്തം ശരീരം പരോക്ഷമായ അതിക്രമത്തിന് ഇരയാക്കപ്പെടുന്നതല്ലേ ആദ്യം ചര്‍ച്ചചെയ്യേണ്ടത്. എന്നിട്ടല്ലേ പെണ്ണിന് ഒറ്റക്ക്, രാത്രി യാത്രചെയ്യാനുള്ള വിഷയം അജണ്ടയില്‍ വരാവൂ.

5 - സ്ത്രീ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ മറുവശംകൂടി ഈ അനുഭവങ്ങളിലില്ലേ? പൊതു സ്ഥലം പെണ്ണിന് തുറന്നുകൊടുക്കുന്നതോടെ അവള്‍ പുരുഷന്റെ പൊതുസ്ഥലമാകുമെന്ന മുന്നറിയിപ്പ് ചരിത്രശുദ്ധിയോടെ പുലര്‍ന്നത് മാത്രമല്ലേ സമകാലിക സംഭവങ്ങള്‍? പെണ്ണിന് ലഭിക്കേണ്ട സ്വാതന്ത്ര്യം എന്താണ് എന്നതിനെക്കുറിച്ച് മറുസംവാദങ്ങള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. യൂറോപ്പില്‍ നിന്ന് അച്ചടിച്ചുവരുന്ന സിദ്ധാന്തങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി ദഹനക്കേടുവന്ന ബുദ്ധിജീവികള്‍ ഇവിടത്തെ സാംസ്‌കാരിക വേദികളില്‍ തുറന്നിടുന്ന ആശയാവലികളെ അതേപോലെ ഏറ്റെടുക്കുന്നത് ഇനിയും തുടരേണ്ടതുണ്ടോ. പാശ്ചാത്യ നാടുകളില്‍ സ്ത്രീകള്‍ ഏത് പാതിരാത്രിയും ഇറങ്ങിനടക്കുന്നുണ്ട് എന്ന ലളിതയുക്തി ഇന്ത്യന്‍ നഗരങ്ങളിലും കേരളത്തിലും പ്രായോഗികമാകുമോ? ആദ്യം പ്രശ്‌നവല്‍ക്കരിക്കേണ്ടത് ഫെമിനിസത്തിന്റെ അബദ്ധ ചിന്തകളെത്തന്നെയാണ്. പിന്നെയാണ് പുരുഷന്റെ അതിക്രമങ്ങളെ. കാരണം അവനെ നിയന്ത്രിക്കാന്‍ അവനുപോലുമാകില്ല എന്നാണല്ലോ സ്ത്രീവാദികളുടെ പ്രധാന വാദം.

പിന്‍വാതില്‍ - ഒരു പെണ്ണിന് ഒറ്റക്ക് ഏത് പാതിരാത്രിയിലും പേടിയില്ലാതെ ഇറങ്ങി നടക്കാവുന്ന ഒരു നാട് സ്വപ്നംകാണുന്നത് തെറ്റൊന്നുമല്ല. നിലനില്‍ക്കുന്ന വ്യവസ്ഥ അടിമുടി മാറാതെ ആ സ്വപ്നം പൂവണിയുകയുമില്ല. ദുഷ്ട കേസരികളായ പുരുഷന്മാര്‍ പെരുകുന്ന ഒരു സാമൂഹിക വ്യവസ്ഥ അതുപോലെ നിലനിര്‍ത്തി അതിനുവേണ്ട വെള്ളവും വളവും കൊടുത്ത് വളര്‍ത്തി പെണ്ണിനു മാത്രം സുരക്ഷിതമായി സഞ്ചരിക്കണമെന്നു സ്വപ്നം കാണുന്നത് പിന്‍ബുദ്ധിതന്നെ.

(ജമീല്‍ അഹ്മദ്‌)

1 comments:

daltakach responded on March 3, 2022 at 11:30 PM #

Betfair Mobile Casino App | JtmHub
Betfair 거제 출장안마 Mobile 여주 출장안마 Casino App. Welcome 속초 출장안마 to Betfair Sportsbook 남원 출장샵 app. Betfair Mobile Casino App. Betfair offers new players a huge 제주도 출장샵 range of fun games

Post a Comment