ഇന്ത്യ പുലിയാണ്

മലയാളമനോരമ കേരളത്തിലെ വരേണ്യ വിഭാഗത്തിന്‍റെ പ്രശ്നങ്ങളില്‍ മാത്രം താല്‍പര്യമുള്ള പത്രമാണ് എന്നതില്‍ അത് സ്ഥിരമായി വായിക്കുന്ന ആര്‍ക്കും തര്‍ക്കുണ്ടാകില്ല. അതുകൊണ്ട് തെന്നെ വികസനത്തിന്‍റെ പേരില്‍ കുടിയിറക്കപ്പെടുന്നവരുടെ പ്രശ്നങ്ങളോ, വ്യവസായങ്ങള്‍ മൂലം കുടിവെള്ളം മുട്ടിയവരുടെ വേദനകളോ, തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന പാവപ്പെട്ടവരുടെ കണ്ണീരോ ഒന്നും മനോരമക്ക് വിഷയമാകാറില്ല.

ഇന്നലത്തെ( 11-10-10) മലയാള മനോരമയിലെ ഒരു ലേഖനമാണ് ഈ കാര്യങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ചത്. തലക്കെട്ട്‌ ഇങ്ങനെയാണ്.  ലോകം സമ്മതിക്കുന്നു; ഇന്ത്യ പുലിയാണ് കേട്ടാ  ഈ ലേഖനവും മുന്നോട്ടു വെക്കുന്നത്, ഇതേ കാഴ്ച്ചപാടാണ്, അതായത് ഒരു നാടിന്‍റെ വികസനം എന്നത് ആ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് വളരെ ന്യൂനപക്ഷമായ ഒരു പറ്റം മുതലാളിമാര്‍ക്ക് വേണ്ടിയുള്ളതാണ് എന്ന്.

ലേഖകന്‍ പറയുന്നത് ബ്രിട്ടീഷ് വാരിക 'ദി ഇക്കണോമിസ്റ്റ്' ന്‍റെ കവര്‍ സ്‌റ്റോറിയില്‍ ഇന്ത്യ കടുവയാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നും 2013 നോ അതിന് മുമ്പോ ഇന്ത്യ വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ മറികടക്കും എന്നുമാണ്. ഈ പുലിയാകലും കടുവയാകലും ഒക്കെ സെന്‍സെക്സ് ഗ്രാഫും ജി ഡി പി യും അടിസ്ഥാനമാക്കിയാണ്, അത് കൊണ്ട് തെന്നെ ബഹു ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ എന്തെങ്കിലും മാറ്റവും ഉണ്ടാകും എന്ന് ഇതിനര്‍ഥമില്ല. അപ്പോഴും പക്ഷെ ടാറ്റയും, അംബാനിയുമൊക്കെ വികസിച്ചികൊണ്ടേയിരിക്കുമെങ്കിലും. രണ്ടായിരത്തി പതിമൂന്നില്‍ ഇന്ത്യ അങ്ങെനെ സൂപര്‍ ആകുന്നതു സ്വപ്നം കാണുന്ന ലേഖകന്‍, സോഷ്യലിസം എന്നൊക്കെ പറഞ്ഞ്, നാം അടിസ്ഥാന വര്‍ഗത്തിന്‍റെ ഉന്നമനത്തിന്‌ വേണ്ടി പാഴാക്കികളഞ്ഞ വര്‍ഷങ്ങളെക്കുറിച്ച് പരിതപ്പിക്കുന്നുണ്ട്. ലേഖകന്‍റെ വാക്കുകള്‍ നോക്കൂ.

"ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ സ്വല്‍പ്പം പിറകിലേക്ക് ആലോചിക്കാതെ വയ്യ. സ്വാതന്ത്ര്യം കിട്ടിയ ആദ്യപതിറ്റാണ്ടുകളില്‍ നെഹ്‌റു സോഷ്യലിസവും കെട്ടിപ്പിടിച്ചുകൊണ്ടിരിക്കാതിരുന്നെങ്കില്‍ ഇന്ത്യ പണ്ടേ പുലിയായേനെ..തൊണ്ണൂറുകളില്‍ ലൈസന്‍സ് രാജ് ഉപേക്ഷിച്ച നാളുകളില്‍ കയറ്റുമതി 30% കവിഞ്ഞപ്പോഴാണു തലയ്ക്കു വെളിവുവീണത്...ഇന്ത്യന്‍ സ്വകാര്യമേഖലയുടെ പേടിമാറി, ഏതു വിദേശ കമ്പനിയോടും മല്‍സരിക്കാമെന്നു മാത്രമല്ല, ജയിക്കാനും സായിപ്പിന്റെ കമ്പനി വിലയ്ക്കുവാങ്ങി ലാഭത്തില്‍ നടത്താനും കഴിയുമെന്നു തെളിഞ്ഞത് 2000നു ശേഷമാണ്. അങ്ങനെ പുതിയ നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടില്‍ വളര്‍ച്ചാനിരക്ക് 7.8 ശതമാനത്തിലെത്തി. ഇപ്പൊ 8.5%. പക്ഷേ, ഇന്ത്യയെ ചൈനയുടെ പിറകിലായിരുന്നു ഇതുവരെ കെട്ടിയിരുന്നത്. നിലവില്‍ ചൈനയുടെ വളര്‍ച്ചാനിരക്ക് പത്തര ശതമാനമാണ്. അടുത്തകൊല്ലം അത് 9.6% ആയി കുറയുമത്രെ. പിന്നെ, ഇന്ത്യ കേറും. അങ്ങനെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ലോകത്ത് ഏറ്റവും വേഗം വളരുന്നതാവുമെന്നാണ് ഇക്കണോമിസ്റ്റ് പറയുന്നത്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന സോഷ്യലിസം വിട്ട് ക്യാപ്പിറ്റലിസം വന്നതോടെയാണ് ഇന്ത്യ പുലിയായി മാറിയെന്നതൊരു സത്യമല്ലേ? ആ വളര്‍ച്ചയില്‍ എത്രകോടി പാവപ്പെട്ടവരാണു ദാരിദ്ര്യത്തില്‍ നിന്നു രക്ഷപ്പെട്ട് ഇടത്തരക്കാരായി മാറിയതെന്നു ചുറ്റുമൊന്ന് കണ്ണുതുറന്നു നോക്കുക."

ഇത് വായിച്ചപ്പോള്‍ മനസ്സിലെക്കോടിയതിയത് അരുന്ധതിറോയ്‌ ഈയടുത്ത് ഔട്ട്‌ലുകില്‍ എഴുതിയ ലേഖനം ആണ്. കണ്ണ്തുറന്ന് നോക്കുന്ന ആര്‍ക്കും കാണാവുന്ന വികസനത്തിന്‍റെ ഇരകളെയും, മനോരമയെപോലുള്ള മാധ്യമങ്ങള്‍ പെരുമ്പറ മുഴക്കുന്ന വികസനത്തിന്‍റെ പോള്ളത്തരങ്ങളെയും അരുന്ധതി റോയ്‌ അതിരൂക്ഷമായ ഭാഷയില്‍ വരച്ച് കാട്ടുന്നുണ്ട് ആ ലേഖനത്തില്‍.

അതിവേഗം വികസിക്കുന്ന ഇന്ത്യയിലെ എണ്‍പത്തിമൂന്ന് കോടി (83) ജനങ്ങക്ക് ഇന്നും ഇരുപത് (20) രൂപയില്‍ താഴെയാണ് ദിവസ വരുമാനം. (ഈ രാജ്യമാണ് പൊതു ഖജനാവില്‍ നിന്നും 900 കോടി രൂപ ചിലവഴിച്ചു, കോമണ്‍ വെല്‍ത്ത്‌ ഗയിംസ് നടത്തുന്നത് എന്ന് പരിതപിക്കുന്ന്ട് അരുന്ധതി. കോമണ്‍ വെല്‍ത്ത്‌ ഗയിംസിനു വേണ്ടി നാല് ലക്ഷം ആളുകളുടെ വീടുകളാണ് ഒറ്റ രാത്രികൊണ്ട് ഇടിച്ചു നിരത്തിയത്. പതിനായിരക്കണക്കിന് വഴിയോരക്കച്ചവടക്കാരെയാണ് നഗരത്തില്‍ നിന്നും പുറം തള്ളിയത്). ലോകത്തിലെ മൊത്തം ദരിദ്രരുടെ മൂന്നിലൊന്ന് സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയോട് മത്സരിക്കുന്ന ഇന്ത്യയിലാണത്രേ. ആഫ്രികയിലെ ഏറ്റവും ദരിദ്രരായ 26 രാജ്യങ്ങളിലെ മൊത്തം ദാരിദ്രരെക്കാള്‍ കൂടുതല്‍ ദരിദ്രര്‍ ഇന്തയില്‍ ജീവിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏറ്റവും വേഗത്തിലായിരുന്ന കഴിഞ്ഞ 20 വര്‍ഷത്തില്‍ ഇന്ത്യയിലെ ആളോഹരി ഭക്ഷ്യധാന്യ ഉത്പാതനം കുറയുകയാണ് ഉണ്ടായത്. പിന്നെയെന്താണ് ഈ കൊട്ടിഘോഷിക്കുന്ന സാമ്പത്തിക വളര്‍ച്ച, ആരാണ് അതിന്‍റെ ഗുണഭോക്താക്കള്‍ എന്നെല്ലേ?.

ഇന്ത്യയിയെ സാമ്പത്തിക വളര്‍ച്ചയില്‍ രണ്ടാം സ്ഥാനത്ത് നിര്‍ത്തുന്നത്, മൊത്തം ആഭ്യന്തര ഉത്പാതനത്തിലെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. പക്ഷേ നമ്മുടെ GDP യുടെ 25% തുല്യമായ ധനമാണ് ഇന്ത്യയിലെ 100 നൂറ് കോടീശ്വരന്മാരുടെ മാത്രം കൈകളില്‍ ഉള്ളത്. ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ കൃഷിയെയാണ് ആശ്രയിച്ചാണ് ജീവിക്കുന്നത്, പക്ഷെ നമ്മുടെ ജി ഡി പി യുടെ വെറും 18% മാത്രമേ ഇവരുടെ സംഭാവനയായിട്ടുള്ളൂ. വെറും 0.2% മാത്രമം ജോലി ചെയ്യുന്ന, പ്രധാനമായും പുരംകരാരിനെ ആശ്രിയിച്ചു പ്രവര്‍ത്തിക്കുന്ന, IT മേഖലയുടെ സംഭാവന 5% ശതമാനമാണ്. അഥവാ നമ്മുടെ വികസന നയം, പാവപ്പെട്ടവനെ കൂടുതല്‍ പാവപ്പെട്ടവനും പണക്കാരനെ കൂടുതല്‍ പണക്കാരനാക്കുന്നതുമാണ്. സന്തുലിതമല്ലാത്ത വികസനം, ആരോഗ്യത്തിന്‍റെ ലക്ഷണമല്ല, മറിച്ച് രോഗത്തിന്‍റെതാണ്. മാന്‍മോഹന്‍ സിംഗ് കൊണ്ട് വന്ന സാമ്പത്തിക നയങ്ങള്‍, ഇന്ത്യയിലെ പാവപ്പെട്ടവന് ഗുണകരമായില്ല എന്ന് മാത്രമല്ല, അവരുടെ നിലനില്പ് തെന്നെ അപകടത്തിലാക്കി എന്ന് അരുന്ധതി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും അധികം വന്‍കിടവ്യവസായങ്ങളും, വ്യവസായ ഭീമന്മാരും ഉള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം ദരിദ്രരും, കടം കയറി ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും ഉള്ളത് എന്നത് വികസനത്തിന്‍റെ ഗുണഭോക്താക്കള്‍ ആര് എന്നത് കാട്ടിത്തരുന്നു. നാട്ടിലെ ബഹു ഭൂരിപക്ഷം വരുന്ന ജനത്തിനും, പരിസ്ഥിതിക്കും അനുഗുണമായ ഒരു വികസന സംസ്കാരതിനു വേണ്ടിയാവണം നാം നിലകൊള്ളേണ്ടത്.


4 Responses to "ഇന്ത്യ പുലിയാണ്"

ജിവി/JiVi responded on October 12, 2010 at 5:25 AM #

ഉദാരവല്‍ക്കരണത്തിനും മുമ്പും പിമ്പുമുള്ള പതിനഞ്ച് വര്‍ഷങ്ങളെടുത്താല്‍ ഉദാരവല്‍ക്കരണത്തിനുമുമ്പാണ് വേഗതയുള്ള ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ഉണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിന്തകന്‍ responded on October 12, 2010 at 6:24 AM #


നമ്മുടെ വികസന നയം, പാവപ്പെട്ടവനെ കൂടുതല്‍ പാവപ്പെട്ടവനും പണക്കാരനെ കൂടുതല്‍ പണക്കാരനാക്കുന്നതുമാണ്. സന്തുലിതമല്ലാത്ത വികസനം, ആരോഗ്യത്തിന്‍റെ ലക്ഷണമല്ല, മറിച്ച് രോഗത്തിന്‍റെതാണ്.


വളരെ വലിയ സത്യം!

സുശീല്‍ കുമാര്‍ പി പി responded on October 12, 2010 at 6:59 AM #

"നമ്മുടെ വികസന നയം, പാവപ്പെട്ടവനെ കൂടുതല്‍ പാവപ്പെട്ടവനും പണക്കാരനെ കൂടുതല്‍ പണക്കാരനാക്കുന്നതുമാണ്. സന്തുലിതമല്ലാത്ത വികസനം, ആരോഗ്യത്തിന്‍റെ ലക്ഷണമല്ല, മറിച്ച് രോഗത്തിന്‍റെതാണ്. മാന്‍മോഹന്‍ സിംഗ് കൊണ്ട് വന്ന സാമ്പത്തിക നയങ്ങള്‍, ഇന്ത്യയിലെ പാവപ്പെട്ടവന് ഗുണകരമായില്ല എന്ന് മാത്രമല്ല, അവരുടെ നിലനില്പ് തെന്നെ അപകടത്തിലാക്കി "

>>>> ഏറെ സത്യസന്ധമായ നിരീക്ഷണങ്ങള്‍. റ്റാറ്റ -ബിര്‍ലമാരുടെ സമ്പത്തിന്റെ കണക്കുനോക്കി ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നവര്‍ ഇരുപതുരൂപയില്‍ താഴെ ദിവസവരുമാനം മാത്രമുള്ള ഇന്ത്യയിലെ എണ്‍പതുകോടിയിലധികം ദരിദ്രരെ കാണുന്നേയില്ല. ഈ സാമ്പത്തിക നയങ്ങള്‍ക്കെതിരായുള്ള കൂട്ടായ ചെറുത്തുനില്പ്പുകള്‍ ഇന്ത്യാരാജ്യം ഇനിയും കാണാനിരിക്കുന്നേയുള്ളു.

CKLatheef responded on January 15, 2011 at 8:19 AM #

ചിന്താര്ഹമായ ലേഖനം. എന്നാല് ചിന്തിക്കാന് വല്ലവരുമുണ്ടോ?

Post a Comment