യുക്തിവാദികളോട് സംവദിക്കുമ്പോള്‍

യുക്തിവാദികളോട് സംവദിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ശ്രദ്ധിക്കാവുന്നത് എന്ന് തോന്നുന്ന ചില കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്. ഇവിടെ യുക്തിവാദി എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്, ദൈവം ഇല്ല എന്ന് വാദിക്കാറുള്ള, മതങ്ങളെ ആക്രമിക്കാറുള്ള കേവല നിരീശ്വര വാദികളെയാണ്.



യുക്തിവാദികള്‍ പൊതുവെ ചോദ്യങ്ങള്‍ ചോദിക്കാനും, വിശ്വാസികളെ വിമര്‍ശിക്കാനും, പലപ്പോഴും പരിഹസിക്കാനും ഉത്സുകരായിരിക്കും. അതുകൊണ്ട് തെന്നെ പല യുക്തിവാദി വിശ്വാസി സംവാദങ്ങളിലും , യുക്തിവാദി എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുകയും, വിശ്വാസി ഉത്തരം പറഞ്ഞുകൊണ്ടെയിരിക്കുകയും ആകും ചെയ്യുക. ഇത് യുക്തിവാദികള്‍ക്ക്, തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്ന ഒരു മിഥ്യാധാരണ നല്‍കുന്നു. മിക്ക യുക്തിവാദികള്‍ക്കും ദൈവത്തെ നിഷേധിക്കുക എന്നതില്‍ കവിഞ്ഞ്, ലോകത്തെ കുറിച്ചോ മറ്റു സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ചോ തങ്ങളുടേതായ ഒരു കാഴ്ച്ചപാടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണമായി ഇസ്ലാമിലെ വിവാഹ മോചന നിയമങ്ങളെ വിമര്‍ശിക്കുന്ന, ഒരു യുക്തിവാദിയോട്, അദ്ധേഹത്തിന്‍റെ മനസ്സിലുള്ള, ദുരുപയോഗം ചെയ്യാന്‍ ഒട്ടും സാധ്യതയില്ലാത്ത, പുരോഗമനപരം എന്ന് അദ്ദേഹം വിചാരിക്കുന്ന നിയമം വിശദീകരിക്കാന്‍ നമ്മുക്കും ആവശ്യപ്പെടാം. ശേഷം നമ്മുക്കും അദ്ധേഹത്തിന്‍റെ നിയമങ്ങളെ വിമര്‍ശിക്കാം.



തീര്‍ച്ചയായും, യുക്തിവാദിയെ ഉത്തരം മുട്ടിക്കുക എന്നതാവരുത് നമ്മുടെ ലക്‌ഷ്യം. അദ്ദേഹത്തെ നമ്മുടെ വിശദീകരണം ക്ഷമയോടെ കേള്‍ക്കാന്‍ പാകപ്പെടുത്തുക എന്നതായിക്കണം നമ്മുടെ ഉദ്ദേശ്യം. ഉദാഹരണമായി, നേരത്തെ പറഞ്ഞ ചോദ്യത്തിന്ന് ഉത്തരം തേടുന്ന യുക്തിവാദി, ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്യതയില്ലാത്ത ഒരു നിയമവും തന്‍റെ പക്കല്‍ ഇല്ല , എന്ന സത്യം മനസ്സിലാക്കിയാല്‍, ഇസ്ലാം നിര്‍ദേശിക്കുന്ന പരിഹാരം എന്തെന്നും അതിനു മറ്റു നിയമങ്ങളെ അപേക്ഷിച്ചുള്ള മേന്മകള്‍ എന്താണന്നും ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറായേക്കാം. യുക്തിവാദികളോട് ചോതിക്കാവുന്ന ഏതാനും ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു.



1. താങ്കള്‍ നിഷേധിക്കുന്ന ദൈവം എന്താണ് ?

ഇത് ചോദിക്കുമ്പോള്‍, യുക്തിവാദികള്‍ പറയാറുള്ളത്, ഒരു വസ്തുത ഉണ്ട് എന്ന് പറയുന്നവരാണ് അത് നിര്‍വചിക്കേണ്ടത് എന്നതാണ്. എന്നാല്‍ യുക്തിപരമായി ചിന്തിച്ചാല്‍, ഒരു വസ്തുത ഇല്ല എന്ന് പറയുന്നവരും ആ വസ്തു എന്താണ് എന്നറിഞ്ഞിരിക്കണം. ഉദാഹരണമായി, പേനയെ, പുസ്തകമായി മനസ്സിലാക്കുന്ന ഒരാള്‍, തന്‍റെ കയ്യില്‍ പേന ഉണ്ടങ്കിലും ഇല്ല എന്നെ പറയൂ. അതുകൊണ്ട് തെന്നെ, താന്‍ ഇല്ല എന്ന് പറയുന്ന ദൈവം എന്താണ് എന്ന് യുക്തിവാദി നിര്‍വചിക്കെണ്ടതുണ്ട്.



2. ദൈവം ഇല്ല എന്ന് തെളിയിക്കാമോ ?

യുക്തിവാദി-വിശ്വാസി സംവാദങ്ങളില്‍, പ്രധാനമായും പ്രാഥമികമായും വരുന്ന ഒരു ചോദ്യമാണ് ദൈവം ഉണ്ട് എന്ന് തെളിയിക്കാമോ എന്നുള്ളത്. യുക്തിവാദികള്‍ ഒരു വെല്ലുവിളിയുടെ സ്വരത്തിലാണ് ഇത് ചോദിക്കാറുള്ളത്. വിശ്വാസി ഉടനതെന്നെ ദൈവം ഉണ്ട് തെളിയിക്കാനും, യുക്തിവാദി ചോദ്യങ്ങള്‍ ചോദിക്കാനും തുടങ്ങും. ഇത് സ്വാഭാവികമായും, യുക്തിവാദികള്‍ക്ക്, തങ്ങളുടെ വിശ്വാസം യുക്തിഭദ്രമാണെന്നും, എന്നാല്‍ വിശ്വാസികള്‍ അന്ധമായി വിശ്വസിക്കുന്നവരാണെന്നും എന്ന ഒരു തോന്നലുണ്ടാക്കുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍, ഇതേ ചോദ്യം നമ്മുക്ക് യുക്തിവാദിയോട് തിരിച്ചും ചോദിക്കാവുന്നതാണ്. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു യുക്തിവാദിയോട് അദ്ധേഹത്തിന്റെ വാദം തെളിയിക്കാന്‍ നമ്മുക്കും ആവശ്യപ്പെടാവുന്നതാണ്. ഈ ചോദ്യത്തിന്ന് യുക്തിവാദികള്‍ പ്രധാനമായും പറയാറുള്ള മറുപടികള്‍ ഇവയാണ്.



എ) ഒരു വസ്തുത ഉണ്ട് എന്ന് പറയുന്നവരാണ് തെളിവ്‌ ഹാജരാകേണ്ടത്: യഥാര്‍ത്ഥത്തില്‍ യുക്തിപരം അല്ലാത്ത ഒരു വാദം ആണ് ഇത്. ഒരു വസ്തു ഇല്ല, എന്ന് തറപ്പിച്ചു പറയുന്നവരും, ആ വസ്തുവിനെ നിര്‍വചിക്കുകയും, ഇല്ല എന്നുള്ളതിന്ന് തെളിവ് ഹാജരാക്കുകയും വേണം. ഉദാഹരണത്തിന്ന് ഒരാള്‍ വിശ്വസിക്കുകയാണ് ചന്ദ്രനില്‍ വെള്ളമില്ല എന്ന്, അയാളോട് തെളിവ്‌ ആവശ്യപ്പെട്ടാല്‍, ഉണ്ട് എന്ന് പറയുന്നവാരാണ് തെളിവ്‌ ഹാജരാക്കേണ്ടത് എന്നു പറഞ്ഞു അയാള്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയില്ല, മറിച്ച് ഇല്ല എന്നതിന്ന് അദേഹം തെളിവ്‌ ഹാജരാക്കേണ്ടതുണ്ട്.



ബി) ദൈവം ഉണ്ട് എന്നതിന് തെളിവൊന്നുമില്ല, അതുകൊണ്ട് ദൈവം ഇല്ല: ഈ വാദവും നിലനില്‍ക്കുന്നതല്ല. കാരണം യുക്തിവാദികളുടെ, ദൈവം ഉണ്ട് എന്നതിന്ന് തെളിവില്ല എന്ന വാദം അംഗീകരിച്ചാല്‍ തെന്നെ, തെളിവുകളുടെ അഭാവം അഭാവതിന്ന് തെളിവല്ല എന്നത് കേവലം പ്രാഥമിക യുക്തി മാത്രമാണ്. ഒരു വസ്തു നിലനില്‍ക്കുകയും എന്നാല്‍ തെന്നെ നമ്മുക്ക് അവ ഉണ്ട് എന്നതിന്ന് തെളിവുകള്‍ ഇല്ലാതിരിക്കുകയും ചെയ്യാം. ഉദാഹരണമായി ഭൂമിക്ക് പുറത്ത്‌ മറ്റെവിടെയെങ്കിലും ജീവനുണ്ട് എന്നതിന്ന് തെളിവുകള്‍ ഒന്നും തെന്നെ നമ്മുടെ പക്കല്‍ ഇല്ല, പക്ഷെ എന്നു കരുതി, ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്നു തറപ്പിച്ചു പറയാവതല്ല.



സി) ദൈവം ഒരു കെട്ട് കഥയാണ്‌, കെട്ടുകഥകള്‍ യാഥാര്‍ത്യമല്ല എന്നു തെളിയിക്കേണ്ടതില്ല: ഇതാണ് മറ്റൊരു മറുവാദം. അതായത് ദൈവം എന്നു പറയുന്നത് കേവലം ഒരു ഭാവന സൃഷ്ടിയാണ് അതുകൊണ്ട് തെന്നെ അവ ഇല്ല എന്നു തെളിയിക്കേണ്ടതില്ല. ഉദാഹരണമായി ഒരു യുക്തിവാദി നമ്മോട് മറു ചോദ്യമായി, ചൊവ്വ ഗ്രഹത്തില്‍ ഉള്ള ചുവന്ന നിറത്തിലുള്ള രണ്ടു കൊമ്പുള്ള, മനുഷ്യര്‍ക്ക്‌ കണ്ടത്താന്‍ കഴിയാത്ത ഒരു ജീവി ഇല്ല എന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടേക്കാം. ഒന്നാമതായി നമ്മുക്ക് പറയാനുള്ളത്, ഇത്തരം ഒരു ജീവി ഒരു കാരണവശാലും ഉണ്ടായിരിക്കുകയില്ല എന്ന വാദം നമ്മുക്കില്ല എന്നതാണ്. അതോടൊപ്പം തെന്നെ, ഈ പ്രപഞ്ചത്തിന്ന് പിന്നിലെ കാരണമായ ദൈവം എന്ന ഉണ്മയ കുറിച്ചുള്ള ചര്‍ച്ചയില്‍ ഇത്തരം ഒരു ജീവി ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. കോടിക്കണക്കിനു മനുഷ്യര്‍, മനുഷ്യന്‍റെ ആരംഭം മുതലേ ആത്മാര്‍ഥമായും ഉണ്ട് എന്നു വിശ്വസിക്കുന്ന ദൈവം എന്ന വസ്തുത നമ്മെ നേരിട്ട് ബാധിക്കുന്നതാണ് അതുകൊണ്ട്തെന്നെ അത് ഉണ്ടായിരിക്കാവുന്നതിന്റെയും, ഇല്ലാതിരിക്കാവുന്നതിന്റെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സാംഗത്യമുണ്ട്. നേരത്തെ പറഞ്ഞ മാതിരി സാധനങ്ങള്‍ ഉണ്ട് എന്നത് താങ്കള്‍ പോലും ആത്മാര്‍ഥമായി വിശ്വസിക്കുന്നില്ല, അതുകൊണ്ട് തെന്നെ അതിനെ കുറിച്ച് ഒരു ചര്‍ച്ച ആവശ്യമില്ല, എന്ന് നമുക്ക് മറുപടി നല്‍കാം.



ഡി) ശരി, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നേയുള്ളൂ, പക്ഷെ ദൈവം ഇല്ല എന്നു വിശ്വസിക്കുന്നില്ല, യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.



ഇത്തരക്കാരോട് നമ്മുക്ക് പറയാവുന്നത്, അവരെ നിരീശ്വര വാദി എന്നല്ല മറിച്ച് സന്ദേഹവാദികള്‍ എന്നാണു വിളിക്കുക എന്നതാണ്. അതായത്‌ അവര്‍ ദൈവം ഉണ്ടായിരിക്കാനും, ഇല്ലാതിരിക്കാനുമുള്ള സാധ്യത അംഗീകരിക്കുന്നു. ഇവരോട് ഇനി നമ്മുക്ക്, ദൈവം ഇല്ലാതിക്കുന്നതിനേക്കാള്‍, ഉണ്ടായിരിക്കുന്നതിനാണ് സാധ്യത കൂടുതല്‍ എന്നു തെളിവുകള്‍ സഹിതം വിശദീകരിക്കാം. ദൈവ വിശ്വാസത്തോട് ശത്രുതാമനോഭാവം ഇല്ലാത്തതുകൊണ്ട് ഒരു പക്ഷെ ഇത്തരക്കാര്‍ നമ്മള്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കാന്‍ തയ്യാറായേക്കാം.



സന്ധേഹത്തെ ആദര്‍ശമായി സ്വീകരിക്കുന്ന ഇവരോട് നമ്മുക്ക് സഹതപിക്കാം, അതോടൊപ്പം തെന്നെ, നമ്മുക്ക് അവരോടു പറയാം, താങ്കള്‍ ദൈവം ഇല്ല എന്ന വിശ്വാസം ഇല്ലാതിരിന്നിട്ടും, ദൈവ നിഷേധിയെപോലെ ജീവിച്ചു. ഇനി എന്തുകൊണ്ട് കുറച്ചു കാലം ദൈവ വിസ്വാസിയെപോലെ ജീവിച്ചു ആ മാനസികാവസ്ഥ കൂടി ഒന്ന് അറിഞ്ഞു കൂടാ ?. നമ്മുക്കവരെ, അവര്‍ വിശ്വാസി അല്ലാതിരിക്കെതെന്നെ പള്ളികളിലെക്കും മറ്റും സ്വാഗതം ചെയ്യാം.



3. അധാര്‍മികതയോ, അതെന്താണ് ?



യുക്തിവാദികള്‍ എപ്പോഴും, ധാര്‍മിക ജീവിതം നയിക്കാന്‍ മതമോ, ദൈവിക ചിന്തയോ ആവശ്യമില്ല എന്നും, ധാര്‍മിക ബോധം മനുഷ്യനില്‍ പ്രകൃത്യാ തന്നെ അന്തര്‍ലീനമായിട്ടുണ്ട് എന്നും വാദിക്കാറുണ്ട്. എന്നാല്‍ നമ്മുടെ വാദം, യുക്തിവാദികള്‍ക്ക് ധാര്‍മിക ജീവിതം നയിക്കാന്‍ കഴിയില്ല എന്നതല്ല, മറിച്ച് യുക്തിവാദത്തില്‍ കേവലമായ ധാര്‍മിക എന്നൊന്നില്ല എന്നതാണ്. അഥവാ യുക്തിവാദികള്‍ക്കുണ്ട് എന്ന് പറയുന്ന ധാര്‍മികത വ്യക്തിനിഷ്ടമാണ്. യുക്തിവാദ പ്രകാരം, നന്മ തിന്മ എന്നല്ലാം പറയുന്നത്, കേവലമായ മൂല്യങ്ങള്‍ അല്ല, മറിച്ചു, നഗരിതകളുടെ വികാസത്തില്‍ മനുഷ്യന്‍ തെന്റെ നിലനില്പിനും സൌകര്യതിന്നും വേണ്ടി നിര്‍മിചെടുത്ത ചില നിയമങ്ങള്‍ മാത്രമാണ്. ഉദാഹരണമായി ചില പാശ്ചാത്യന്‍ രാജ്യങ്ങളില്‍, റോഡിന്‍റെ വലത് വശം ചേര്‍ന്നാണ് വണ്ടി ഓടിക്കെണ്ടത്, അവിടെ ഇടതു വശം ചേര്‍ന്ന് വണ്ടി ഓടിക്കുന്നത് തെറ്റാണ്, ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഇന്ത്യ പോലുള്ള മറ്റു ചില രാജ്യങ്ങളില്‍ ഇത് നേരെ തിരിച്ചാണ്, ഇവിടെ ഇടതു വശം ചേര്‍ന്നാണ് വണ്ടി ഓടിക്കെണ്ടത്. വലത് വശം ചേര്‍ന്ന് ഓടിക്കുന്നത് തെറ്റാണ്. എന്നാല്‍ വലത് വശം ചേര്‍ന്ന് വണ്ടി ഓടിക്കുന്നതോ ഇടതു വശം ചേര്‍ന്ന് വണ്ടി ഓടിക്കുന്നതോ കേവലമായ തെറ്റല്ല, മറിച്ച് മനുഷ്യന്‍ അവന്‍റെ സൌകര്യത്തിന് വേണ്ടി നിര്‍മിച്ച ചില നിയമങ്ങള്‍ മാത്രമാണ്. ഇതേ പോലെ മനുഷ്യന്‍ തന്‍റെ സൌകര്യത്തിന് വേണ്ടി നിര്‍മിച്ച ചില നിയമങ്ങള്‍ മാത്രമാണ് കക്കരുത്, കൊല്ലരുത്, വ്യഭിചരിക്കരുത് പോലുള്ളവ - ഇവ കേവലമായ നന്മയോ തിന്മയോ അല്ല. ഈ അര്‍ത്ഥത്തില്‍ യുക്തിവാദി തനിക്ക് ഇഷ്ടപെട്ട ഒരു ധാര്‍മിക വ്യവസ്ഥിതി പിന്തുടരുന്നുണ്ടായിരിക്കാം, പക്ഷെ അവ കേവലവും മാറ്റമില്ലാത്തതും ആണെന്ന് യുക്തിവാദികള്‍ക്ക് തെന്നെയും വാദമില്ല, അതുകൊണ്ട് തെന്നെ യുക്തിവാദികള്‍ക്ക്, വിശ്വാസികളുടെ മേല്‍ അധാര്‍മികത ആരോപിക്കാന്‍ കഴിയില്ല.



ഇവിടെ വിശ്വാസികളുടെ ഈ വിഷയകമായ വീക്ഷണം കൂടി നമ്മുക്ക് വിശദീകരിച്ചു കൊടുക്കാം. അതായത്, മനുഷ്യന്‍ ഇതര ജീവ ജാലങ്ങളില്‍ നിന്നും വിത്യസ്തമായ ഒരു സൃഷ്ടിയാണെന്നും, കേവലമായ നന്മ തിന്മകള്‍ ഉണ്ട് എന്നും വിശ്വാസി വിശ്വസിക്കുന്നു. ഈ മൂല്യങ്ങള്‍ കേവലമാണെന്നും മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും അതങ്ങനെ തെന്നെയായിരിക്കും എന്നും വിശ്വാസി കരുതുന്നു. ഒരര്‍ത്ഥത്തില്‍ യുക്തിവാദികള്‍ അടക്കം എല്ലവാരും ഇത് വിശ്വസിക്കുന്നുണ്ട്, പുറമേക്ക് ഇങ്ങനെ വാദിക്കാറില്ലെങ്കിലും, കാരണം അതുകൊണ്ടാണല്ലോ ഞങ്ങള്‍ക്കും ധാര്‍മികമായ നിയമങ്ങള്‍ പാലിച്ച് ജീവിക്കാന്‍ കഴിയും എന്നവര്‍ വാദിക്കാറുള്ളത്. എന്നാല്‍ ദൈവത്തെ ഒഴിച്ച് നിര്‍ത്തിയാല്‍, കേവലമായ നന്മ തിന്‍മകള്‍ ഇല്ല തെന്നെ. അതുകൊണ്ട് തെന്നെ, കേവലമായ നന്മ തിന്‍മകള്‍ ഉണ്ട് എങ്കില്‍ അത് ദൈവം ഉണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.



4. മതങ്ങങ്ങളില്ലാത്ത ലോകം നന്‍മ നിറഞ്ഞതാകുമോ ?

യഥാര്‍ത്ഥത്തില്‍ യുക്തിവാദികളില്‍ നിന്നും വരാറുള്ള വളരെ നിരുത്തരവാദപരമായ ഒരു വാദഗതിയാണ് മതങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നത്. മതങ്ങളില്ലാത്ത ഒരു ലോകം സമാധാനപൂര്‍ണമാകുമോ ? സാധ്യത കുറവാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും, ഹിരോഷിമയും, നാഗസാക്കിയും, വിയറ്റ്നാമും മൊന്നും മതം മൂലമുണ്ടായതല്ല. സെപ്റ്റംബര്‍ 11 ഉം, അഫ്ഗാനിസ്ഥാന്‍ ഇറാഖ് യുദ്ധങ്ങള്‍ക്കുമെല്ലാം കാരണം മതമാണെന്ന ലളിത യുക്തി സാമ്രാജത്യത്തെയും അവരുടെ രീതികളെയും നിരീക്ഷിക്കുന്ന യുക്തിവാദികള്‍ക്ക് ഏതായാലും ഉണ്ടായിരിക്കുകയില്ല. തീര്‍ച്ചയായും മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മിലടിച്ചിട്ടുണ്ട്, പലപ്പോഴും സങ്കുചിത ദേശീയതയും, അധികാര കൊതിയും മതവികാരത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു, പക്ഷെ ഇതല്ലാം മതം ഉള്ളത് കൊണ്ടാണെന്ന് പറയുന്നത് യുക്തിയല്ല. കേവലം ഫുട്ബാള്‍ കളിയുടെ പേരില്‍ പോലും മനുഷ്യര്‍ ചേരി തിരിഞ്ഞു തല്ലു കൂടിയുട്ടുണ്ട്, എന്ന് കരുതി ആ കളിയാണ് കുഴപ്പങ്ങള്‍ക്ക് കാരണം എന്നാരും പറയില്ലല്ലോ. അതോടൊപ്പം മതങ്ങള്‍ മനുഷ്യ സമൂഹത്തിന്ന് നല്‍കിയ സംഭാവനകളും നാം ഓര്‍ക്കേണ്ടതുണ്ട്, ലോകത്ത് ഏറ്റവും അധികം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മത വിശ്വാസികളാണ്, പല മനുഷ്യര്‍ക്കും ജീവിതത്തിന്ന് അര്‍ത്ഥവും ദിശാ ബോധവും നല്‍കുന്നതും മതമാണ്‌. സ്വാര്‍ഥതയുടെ ഈ മുതലാളിത്ത ലോകത്ത്, പാവപ്പെട്ടവന്റെയും, പാര്ശ്വവല്‍കരിക്ക പെട്ടവന്റെയും കൂടെ നില്‍ക്കുന്നത് ഇന്നും മത ദര്‍ശനങ്ങളാണ്.

23 Responses to "യുക്തിവാദികളോട് സംവദിക്കുമ്പോള്‍"

സുശീല്‍ കുമാര്‍ responded on July 22, 2010 at 7:43 PM #

സുബൈര്‍,
താങ്കളുടെ വാദഗതി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇത് ഒരു വിശദമായ ചര്‍ച്ച, പ്രത്യേകിച്ചും യുക്തിവാദിയുടെ വശത്തുനിന്ന്, ആവശ്യപ്പെടുന്നുണ്ട്. ഏതായാലും ഒന്നാമത്തെ ചോദ്യത്തോട് എന്റെ നിലപാട് വ്യക്തമാക്കാം.

"1. താങ്കള്‍ നിഷേധിക്കുന്ന ദൈവം എന്താണ് ?

ഇത് ചോദിക്കുമ്പോള്‍, യുക്തിവാദികള്‍ പറയാറുള്ളത്, ഒരു വസ്തുത ഉണ്ട് എന്ന് പറയുന്നവരാണ് അത് നിര്‍വചിക്കേണ്ടത് എന്നതാണ്. എന്നാല്‍ യുക്തിപരമായി ചിന്തിച്ചാല്‍, ഒരു വസ്തുത ഇല്ല എന്ന് പറയുന്നവരും ആ വസ്തു എന്താണ് എന്നറിഞ്ഞിരിക്കണം. ഉദാഹരണമായി, പേനയെ, പുസ്തകമായി മനസ്സിലാക്കുന്ന ഒരാള്‍, തന്‍റെ കയ്യില്‍ പേന ഉണ്ടങ്കിലും ഇല്ല എന്നെ പറയൂ. അതുകൊണ്ട് തെന്നെ, താന്‍ ഇല്ല എന്ന് പറയുന്ന ദൈവം എന്താണ് എന്ന് യുക്തിവാദി നിര്‍വചിക്കെണ്ടതുണ്ട്. "

>>> ഒരു വാദഗതി 'വസ്തുത'യാകണമെങ്കില്‍ അതിന്‌ വസ്തുതാപരമായ അസ്തിത്വം വേണം. പേനയെ ഒരാള്‍ പുസ്തകമായി മനസിലാക്കുന്നുവെങ്കില്‍ ഇവിടെ പേന, പുസ്തകം എന്നീ രണ്ട് വസ്തുക്കളും 'ഉണ്ട്'. ആ തെറ്റിധാരണ ശരിയായ വസ്തുത മനസ്സിലാക്കിച്ച് തിരുത്താവുന്നതേയുള്ളു. എന്നാല്‍ ‍ഒരാള്‍ 'ഗ്ലിംഗ്ലാംഗ്ലും' എന്നൊരു 'വസ്തു'വിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താങ്കള്‍ എന്ത് പറയും? അങ്ങനെയൊരു 'സാധനം' ഉണ്ട് എന്ന് തെളിയിക്കാനുള്ള ബാധ്യത, 'അത് ഉണ്ട്' എന്ന് പറയുന്ന ആള്‍ക്കോ അതോ താങ്കള്‍ക്കോ? 'ഗ്ലിംഗ്ലാംഗ്ലും' ഉണ്ടെന്ന് പറഞ്ഞയാളിന്റെ അറിവ് അങ്ങനെയൊന്നുണ്ടൊ എന്നറിയാത്തയാള്‍ക്കും വേണം എന്നു പറയുന്നത്ര ബാലിശമാണ്‌ മതദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് അതില്ല എന്നു പറയുന്നവര്‍ക്കും വേണം എന്നു പറയുന്നത്.

മറ്റു വിഷയങ്ങളില്‍ വഴിയെ പ്രതികരണം അറിയിക്കുന്നതാണ്‌.

ഏതായാലും 'ദൈവത്തെ'ക്കുറിച്ച് യുക്തിവാദി എന്തു പറയുന്നു എന്നു മനസ്സിലാക്കാതെയാണ്‌ 'യുക്തിവാദി ഇന്നത് പറയുന്നു' എന്ന് സ്വയം സ്ഥാപിച്ച ശേഷം അതിനെ വിമര്‍ശിക്കുന്ന രീതി. ഈ വിഷയത്തില്‍ യുക്തിവാദ സമീപനം എന്തെന്ന് ഇവിടെ വായിക്കാം. എനിക്കു ചര്‍ച്ചയ്ക്കു താല്പര്യമുള്ള വിഷയമാണ്‌. സമയ ലഭ്യതയ്ക്കനുസരിച്ച് പ്രതികരിക്കാം. ഏതായാലും മതവികാരം ഇളകി വശാകുന്ന വിശ്വാസികള്‍ക്കിടയില്‍ ഇതുപോലുള്ള താങ്കളുടെ പോസ്റ്റ് വ്യത്യസ്തമാകുന്നു. ഇതിന്റെ ലിങ്ക് എന്റെ സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നുണ്ട്. നന്ദി.

ea jabbar responded on July 23, 2010 at 5:28 AM #
This comment has been removed by a blog administrator.
ea jabbar responded on July 23, 2010 at 5:37 AM #

ദൈവ വിശ്വാസം പലവിധമുണ്ട് അതിലേതാണു താങ്കള്‍ ?

Subair responded on July 24, 2010 at 10:41 AM #

ദൈവ വിശ്വാസം പലവിധമുണ്ട് അതിലേതാണു താങ്കള്‍ ?
==========


ജബ്ബാര്‍ മാഷ്‌, വിഷയം, എന്നെക്കുറിച്ചോ, എന്‍റെ വിശ്വാസത്തെ കുറിച്ചോ അല്ല. യുക്തിവാദം ശരിയാണെങ്കില്‍, എന്‍റെ വിശ്വാസം എന്തുതെന്നെയാലും, യുക്തിവാദം ശരിയായിരിക്കണം. അതുകൊണ്ട് തെന്നെ എന്‍റെ വിശ്വാസം എന്ത് എന്ന് ഇവിടെ അപ്രസക്തമാണ്.

ഇത് എന്‍റെ വിശ്വാസത്തിന്‍റെ മാത്രം പ്രശ്നമല്ല, സ്വയം പ്രഖ്യാപിത യുക്തിവാദിയായ ജബ്ബാര്‍ മാഷിന്‍റെ "ദൈവം വിശ്വാസം" അങ്ങ് പണ്ടൊരു പോസ്റ്റില്‍ ഇട്ടത് താഴെ കൊടുക്കുന്നു.

"അതിനാല്‍ പ്രപഞ്ചപരിണാമത്തിന്റെ ഫലമായി വികസിച്ചുണ്ടായ മഹാല്‍ഭുതങ്ങള്‍ക്കു പിന്നില്‍ [ മുന്നിലോ ഉള്ളിലോ പിന്നിലോ എന്നൊന്നും നമുക്കു പറയാന്‍ കഴിയില്ല] ദൈവത്തിന്റെ ബുദ്ധിയും യുക്തിയും കയ്യും കാലുമൊന്നുമല്ല; അതിനെക്കാളൊക്കെ ഒരുപാടു സങ്കീര്‍ണവും മഹത്വമാര്‍ന്നതുമായ വിശേഷസിദ്ധികളാണുള്ളത്. ദെവത്തെ നമുക്കു നിര്‍വ്വചിക്കാനൊ വിശദീകരിക്കാനോ കഴിയില്ല. നാം അതിനു മുതിര്‍ന്നാല്‍ ദൈവം നമ്മെപ്പോലെയൊക്കെ ആയിത്തീരും . അതു ദൈവത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുകയേ ചെയ്യൂ.

മുകില്‍ കൊടുത്തത്‌ താങ്കള്‍ തെന്നെ പറഞ്ഞതാണ്. നിര്‍വചിക്കാനും, മനസ്സിലാക്കാനും കഴിയാത്ത ഒരു സാധനം അങ്ങനെയല്ല, ഇങ്ങനെയാണ്, മഹത്തരമാണ് എന്നൊക്കെ പറയുന്നത്, യുക്തിയല്ല മണ്ടത്തരമാണ്‌. എന്ന് കരുതി അത് യുക്തിവാദത്തിന്‍റെ പ്രശ്നമല്ല, ജബ്ബാര്‍ മാഷിന്‍റെ വിശ്വാസത്തിന്‍റെ പ്രശനമാണ്, മറ്റൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യാവുന്നതുമാണ്.

ഇവിടെ ഞാന്‍ യുക്തിവാദത്തെ കുറിച്ച്, എനിക്ക് പ്രസക്തമെന്ന് തോന്നുന്ന ഏതാനും ചോദ്യങ്ങാളാണ് ചോദിചിരുന്നത്. ഒന്നിനു പോലും താങ്കള്‍ പ്രതികരിച്ചു കണ്ടില്ല. താങ്കളുടെ അഭിപ്രായം അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Subair responded on July 27, 2010 at 9:04 AM #

എന്നാല്‍ ‍ഒരാള്‍ 'ഗ്ലിംഗ്ലാംഗ്ലും' എന്നൊരു 'വസ്തു'വിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താങ്കള്‍ എന്ത് പറയും? അങ്ങനെയൊരു 'സാധനം' ഉണ്ട് എന്ന് തെളിയിക്കാനുള്ള ബാധ്യത, 'അത് ഉണ്ട്' എന്ന് പറയുന്ന ആള്‍ക്കോ അതോ താങ്കള്‍ക്കോ?
===========


സുശീല്‍ കുമാര്‍ പറഞ്ഞ 'ഗ്ലിംഗ്ലാംഗ്ലും' എന്ന വസ്തു ഇല്ല എന്ന് സതാപിക്കണമെങ്കിലും സുശീല്‍ കുമാര്‍ അത് നിര്‍വചിക്കെണ്ടതുണ്ട്. കാരണം എനിക്ക് വേണമെങ്കില്‍ 'ഗ്ലിംഗ്ലാംഗ്ലും' ഉണ്ട് എന്ന് സ്ഥാപിക്കാം.

ഉദാഹരണമായി, ഞാന്‍ നിര്‍വചിക്കുകയാണ്, 'ഗ്ലിംഗ്ലാംഗ്ലും' എന്ന് പറയുന്ന സാധനം, ചുവന്ന നിറത്തിലുള്ള മധുരമുള്ള ഒരു പഴമാണ്. ഇംഗ്ലീഷില്‍ അതിനെ ആപ്പിള്‍ എന്ന് വിളിക്കും. ഇനി പറയൂ 'ഗ്ലിംഗ്ലാംഗ്ലും' ഉണ്ടോ ഇല്ലയോ എന്ന്.

ഇനി എന്‍റെ വാദം തെറ്റാണ് എന്ന് തെളിയിക്കാനും സുശീല്‍ കുമാര്‍ ആ പദത്തെ നിര്‍വചിക്കെണ്ടതുണ്ട്, സുശീല്‍ കുമാര്‍ 'ഗ്ലിംഗ്ലാംഗ്ലും' എന്നത് ഒരു അര്‍ത്ഥ രഹിത പദം എന്ന് നിരവചിച്ചാല്‍ സ്വാഭാവികമായും, അത്തരംമൊന്ന് ഉണ്ടോ എന്നോ ഇല്ല എന്നോ ചര്‍ച്ച പ്രസക്തമല്ല. ഇനി അതിന്, തെങ്ങിന്‍ മേലുണ്ടാകുന്ന മാങ്ങ പോലത്തെ സാധനം എന്നോ മറ്റോ നിര്‍വചിച്ചാല്‍,അങ്ങനെ ഒന്ന് ഇല്ല എന്ന് തെളിയിക്കാനും സാധിക്കും.

ഞാന്‍ ഉദ്ദേശിച്ചതെന്താണ് എന്ന് മനസ്സിലായി എന്ന് വിചാരിക്കുന്നു.

ea jabbar responded on July 27, 2010 at 10:10 AM #

എന്താണു യുക്തിവാദം ? ഇവിടെ വിശദീകരിച്ചിട്ടുണ്ട് . ഒരു സമീപനരീതി മാത്രമാണു യുക്തിവാദം . അതായത് ശാസ്ത്രം അവലംബിക്കുന്ന രീതി.
റെഡിമെയ്ഡ് ജീവിത വ്യവസ്ഥയല്ല അത്. ഒരു തത്വശാസ്ത്രം പോലുമല്ല. പ്രശ്നങ്ങളെ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്യുന്ന സ്വതന്ത്ര ചിന്താരീതിയാണു യുക്തിവാദം.

ea jabbar responded on July 27, 2010 at 10:15 AM #

ഉദാഹരണമായി, ഞാന്‍ നിര്‍വചിക്കുകയാണ്, 'ഗ്ലിംഗ്ലാംഗ്ലും' എന്ന് പറയുന്ന സാധനം, ചുവന്ന നിറത്തിലുള്ള മധുരമുള്ള ഒരു പഴമാണ്. ഇംഗ്ലീഷില്‍ അതിനെ ആപ്പിള്‍ എന്ന് വിളിക്കും. ഇനി പറയൂ 'ഗ്ലിംഗ്ലാംഗ്ലും' ഉണ്ടോ ഇല്ലയോ എന്ന്.
------
അത് ചുവന്ന നിറത്തിലുള്ള ഒരു മഞ്ഞപ്പഴമാണെന്നും അതിന്റെ നിറം കറുത്ത വെളുപ്പാണെന്നും നിര്‍വ്വചിക്കുമ്പോള്‍ കുഴങ്ങും ! അതാണു ദൈവത്തിന്റെ സ്ഥിതി ചതുരാകൃതിയിലുള്ള പഞ്ചഭുജത്രികോണം !

Subair responded on July 27, 2010 at 10:34 PM #

എന്താണു യുക്തിവാദം ? ഇവിടെ വിശദീകരിച്ചിട്ടുണ്ട് . ഒരു സമീപനരീതി മാത്രമാണു യുക്തിവാദം . അതായത് ശാസ്ത്രം അവലംബിക്കുന്ന രീതി.
===========


എന്‍റെ പോസ്റ്റിന്റെ ആദ്യത്തില്‍ യുക്തിവാദി എന്നതുകൊണ്ട് ഞാന്‍ ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത് ആരെയാണ് എന്ന് വ്യക്തമാക്കിയിരുന്നു.

തീര്‍ച്ചയായും കാര്യങ്ങളെ യുക്തിപരമായി സമീപിക്കണം, യുക്തി രഹിതമായത്തില്‍ ഒന്നിലും വിശ്വസിക്കരുത് എന്ന് തെന്നെയാണ് ഞാനും കരുതുന്നത്, ആ അര്‍ത്ഥത്തില്‍ ഞാനും ഒരു യുക്തിവാദിയാണ് എന്ന് അവകാശപ്പെടുന്നു. ഈ പോസ്റ്റിലും താങ്കള്‍ പറഞ്ഞ ആ സമീപന രീതിയുപയോഗിച്ച് തെന്നെയാണ് കാര്യങ്ങളെ വിശകലനം ചെയ്തിരിക്കുന്നത്. തീര്‍ച്ചയായും എന്‍റെ മറ്റു വിശ്വാസത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അവ യുക്തിവിരുദ്ധമാണോ അതല്ല യുക്തിപരമാണോ എന്ന് നമ്മുക്ക് ചര്‍ച്ച ചെയ്യാവുന്നതാണ്.

അത്കൊണ്ട് ഇവിടെ പറയപ്പെട്ട തരത്തിലുള്ള ദൈവം ഇല്ല എന്ന് വാദിക്കുന്ന യുക്തിവാദിയാണ് ജബ്ബാര്‍ മാഷെങ്കില്‍, മാഷ്‌ പറഞ്ഞ യുക്തിപരമായ സമീപന രീതിയുപയോഗിച്ചു ഞാന്‍ ഉന്നയിച്ച സംശങ്ങള്‍ക്ക് മറുപടി പറയണമെന്ന് അപേക്ഷിക്കുന്നു.

അത് ചുവന്ന നിറത്തിലുള്ള ഒരു മഞ്ഞപ്പഴമാണെന്നും അതിന്റെ നിറം കറുത്ത വെളുപ്പാണെന്നും നിര്‍വ്വചിക്കുമ്പോള്‍ കുഴങ്ങും
==============


തീര്‍ച്ചയായും. ഞാന്‍ തെന്നെ സുശീല്‍ കുമാറിന്നു കൊടുത്ത മറുപടിയില്‍ മറ്റൊരു രീതിയില്‍ ഇത് പറഞ്ഞിരുന്നു.

പക്ഷെ ഇവിടെ ചോദ്യം മത വിശ്വാസികള്‍ക്ക് ശരിയായ ദൈവ സങ്കല്‍പം ഉണ്ടോ എന്നതല്ല, മറിച്ച് താങ്കള്‍ ഇല്ല എന്ന് പറയുന്ന ദൈവം ഏതാണെന്നും എന്തുകൊണ്ടാനെന്നുമായിരുന്നു. താങ്കള്‍ താങ്കളുടെ പോസ്റ്റില്‍ പറഞ്ഞ "വൈരുധ്യങ്ങള്‍" ഒന്നും തെന്നെയില്ലാത്ത ഏറ്റവും, minimalistic ആയ നിര്‍വച പ്രകാരമുള്ള ഒരു ദൈവം ഉണ്ടാകാം എന്ന് വന്നാലും നാസ്തിക വാദ തെറ്റാണെന്ന് വരും. അതുകൊട്നു തെന്നെ യുക്തിവാദം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് സെമിടിക്‌, ദൈവം സങ്കല്‍പം ശരിയാണന്ന് സ്ഥാപിക്കെണ്ടതില്ല.

അപ്പൂട്ടൻ responded on July 30, 2010 at 5:06 AM #

സുബൈർ,
1. താങ്കൾ നിഷേധിക്കുന്ന ദൈവം എന്താണ്‌?
മതങ്ങൾ പരിചയപ്പെടുത്തുന്ന ദൈവങ്ങളെ തന്നെയാണ്‌ ഞാൻ നിഷേധിക്കുന്നത്‌. എന്നുവെച്ചാൽ താങ്കളും മറ്റു വിശ്വാസികളും ഉണ്ട്‌ എന്നു പറയുന്ന ദൈവത്തെയാണ്‌ നിഷേധിക്കുന്നത്‌. അത്‌ യഹോവയായാലും കൃസ്തുവായാലും അല്ലാഹുവയാലും മുപ്പത്തിമുക്കോടി ദേവകളായാലും വ്യത്യാസമൊന്നുമില്ല.

2. ദൈവം ഇല്ല എന്ന് തെളിയിക്കാമോ?
ആദ്യത്തെ ചോദ്യത്തിനുള്ള മറുപടിയിൽ നിന്നും ഇതിനുള്ള ഉത്തരവും വ്യക്തമാകുമെന്നാണ്‌ പ്രതീക്ഷ. എങ്കിലും, for clarity, പറയാം.
വിശ്വാസികൾ ഉണ്ട്‌ എന്നവകാശപ്പെടുന്ന ദൈവങ്ങളേയാണ്‌ നിഷേധിക്കുന്നത്‌ എന്ന് പറഞ്ഞുവല്ലൊ. സ്വാഭാവികമായും ഉണ്ട്‌ എന്നതിനു തെളിവുണ്ടെങ്കിലേ ഇല്ല എന്നതിന്‌ തെളിവുണ്ടാകൂ, കാരണം ആദ്യം അവകാശവാദവുമായി വന്നത്‌ ഉണ്ട്‌ എന്നു പറഞ്ഞാണ്‌. അതിന്‌ വ്യക്തമായ തെളിവ്‌ ഹാജരാക്കാൻ കഴിയാത്തവർ നിഷേധത്തിന്‌ തെളിവ്‌ ചോദിക്കുന്നത്‌ അർത്ഥശൂന്യമാണ്‌. സങ്കൽപം എന്റേതല്ല, താങ്കളുടേതാണ്‌, അതുകൊണ്ട്‌ സ്വന്തം സങ്കൽപത്തെ substantiate ചെയ്യേണ്ടത്‌ താങ്കൾ തന്നെയാണ്‌. (ഇതുപറയാനുള്ള കാരണം എന്റെ കമന്റിന്റെ അവസാനഭാഗത്ത്‌ പറയാം)
ദൈവത്തെ യുക്തിയിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന് പറയുന്നവരെ ധാരാളം കണ്ടിട്ടുണ്ട്‌. അപ്പോൾ യുക്തിയിലൂടെ കണ്ടെത്താൻ കഴിയാത്ത ദൈവത്തെ യുക്തി പ്രയോഗിക്കുന്നവർ തള്ളിക്കളയും. അത്‌ യുക്തിശൂന്യമെങ്കിൽ പിന്നെന്താണ്‌ യുക്തി?
ചന്ദ്രനിൽ വെള്ളം കണ്ടെത്തിയതിനുശേഷമാണ്‌ ആ ആശയം തന്നെ വന്നത്‌. വെള്ളമില്ല എന്ന് പറയുന്നയാളുടെ വാദം പൊളിക്കാൻ വെള്ളം ഉണ്ട്‌ എന്നവകാശപ്പെടുന്നവർ തെളിവ്‌ കാണിച്ചാൽ മതി. ആ ഒരു ശ്രമം പോലും മിക്ക വിശ്വാസികളും കാണിക്കാറില്ല.
ഭൂമിയ്ക്ക്‌ പുറത്ത്‌ ജീവനുണ്ടെങ്കിലും ഇല്ലെങ്കിലും, കണ്ടുപിടിക്കാത്തിടത്തോളം നമുക്കത്‌ അപ്രസക്തമാണ്‌. ദൈവം അങ്ങിനെയാണോ?
ഇനി, ശാസ്ത്രം എന്നെങ്കിലും ദൈവത്തെ കണ്ടെത്തിയെന്നിരിക്കട്ടെ, അപ്പോൾ നിരാശരാകുക, ഒരുപക്ഷെ, യുക്തിവാദികളാകില്ല, മറിച്ച്‌ വിശ്വാസികൾ തന്നെയായിരിക്കും. കാരണം അയഥാർത്ഥമാംവിധം വൈരുദ്ധ്യങ്ങളുണ്ട്‌ ദൈവസങ്കൽപങ്ങളിൽ.

3. അധാർമ്മികതയോ, അതെന്താണ്‌?
എന്റെ നിർവ്വചനത്തിൽ, മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്ക്‌ കടന്നുകയറാത്ത ഏതു പ്രവർത്തിയിലും അധാർമ്മികതയില്ല.

4. മതങ്ങളില്ലാത്ത ലോകം നന്മ നിറഞ്ഞതാകുമോ?
മതങ്ങളുടെ ചരിത്രപരമായ പ്രാധാന്യം ആരും കുറച്ചുകാണുന്നില്ല. The question is, How far can we extend that?

ഇന്ന് ദൈവവിശ്വാസത്തേക്കാളുപരി മതവിശ്വാസത്തിനാണ്‌ പ്രാധാന്യം കൽപിക്കപ്പെടുന്നത്‌. കാലദേശഭേദമന്യേ ഒരിക്കലും മാറരുതെന്ന് ശഠിക്കുന്ന നിയമങ്ങളും മനുഷ്യരെ വിഭാഗീയവൽക്കരിക്കുന്ന ചിന്താഗതികളും നിലപാടുകളും മാറാത്തിടത്തോളം, മനുഷ്യരല്ലാതെ മതവിഭാഗങ്ങൾ മാത്രം നിറഞ്ഞ ലോകം നന്മ നിറഞ്ഞതാകില്ല. അനുഭവം ഗുരു.

ഒരു ഘട്ടത്തിൽ മതപരമായ സംഘടന ആവശ്യമായിരുന്നു, ഇന്നും തീർത്തും അപ്രസക്തമല്ലതാനും. പക്ഷെ ഇന്ന് മതത്തിന്റെ പേരിൽ നടക്കുന്ന പലതും, അനാരോഗ്യകരമായ ഇടപെടലുകളടക്കം, തീർത്തും അനാവശ്യമാണ്‌. To a certain extent, they demand a respect that is way off what is due

മതങ്ങളില്ലാത്ത ലോകം നന്മ നിറഞ്ഞതാകുമോ എന്നറിയില്ല, പക്ഷെ മതശാഠ്യങ്ങളില്ലാത്ത ലോകം ഇന്നുള്ളതിനേക്കാൾ എത്രയോ ഭേദമായിരിക്കും.

ഇനി, ആദ്യപോയിന്റിലേയ്ക്ക്‌,

ഒരു വിശ്വാസിയ്ക്ക്‌ ദൈവം പ്രസക്തമാകുന്നതിന്റെ എത്രയോ ചെറിയൊരു ശതമാനം മാത്രമേ ഒരു യുക്തിവാദിയ്ക്ക്‌ ദൈവനിഷേധം പ്രസക്തമാകൂ. എന്നെ സംബന്ധിച്ചിടത്തോളം ദൈവവും ദൈവനിഷേധവും ഒരുപോലെയാണ്‌. ഒരുപക്ഷെ, ഇന്ന് എന്നോടാരും ദൈവവിശ്വാസത്തെക്കുറിച്ച്‌ സംസാരിച്ചിട്ടില്ലെങ്കിൽ ദൈവം, ദൈവനിഷേധം എന്നീ ചിന്തകൾ എന്റെ മനസിൽ കടന്നുവരാനുള്ള സാധ്യത വളരെ കുറവാണ്‌.

താങ്കൾ സുശീലിനോട്‌ പറഞ്ഞതുപോലെ, ഗ്ലിംഗ്ലാംഗ്ലൂം എന്ന വസ്തു ഉണ്ടെന്ന് താങ്കൾ പറയുമ്പോൾ താങ്കൾ അതിനെ നിർവ്വചിക്കുന്നു. ആ നിർവ്വചനം എന്താണെന്ന് പറയേണ്ടത്‌ അതുണ്ടെന്ന് പറയുന്നയാൾ തന്നെയാണ്‌, ഇല്ലെന്ന് പറയുന്നയാളെ സംബന്ധിച്ചിടത്തോളം അത്‌ അർത്ഥരഹിതം തന്നെയാണ്‌. ആ നിർവ്വചനം വരുന്നതുവരെ ആ വസ്തു പ്രസക്തമല്ല. നിർവ്വചനം വന്നതിനുശേഷമാണ്‌ അത്‌ ആപ്പിളാണോ ഇല്ലാത്ത വസ്തുവാണോ എന്ന് ചിന്തിക്കേണ്ടതുള്ളു. ഇനി, താങ്കളുടെ അഭിപ്രായത്തിൽ അത്‌ ആപ്പിൾ ആണെങ്കിൽ അത്‌ വളരേയധികം subjective ആണ്‌. അത്തരത്തിലാണോ മതങ്ങൾ പരിചയപ്പെടുത്തുന്ന ദൈവം?

ഉണ്ടെന്ന് ഒരു വിശ്വാസി പറയുന്ന അവസരത്തിൽ മാത്രമേ ഇല്ലെന്ന് യുക്തിവാദി പറയൂ. അതുകൊണ്ടുതന്നെ ഒരു substantiation യുക്തിവാദിയ്ക്ക്‌ ആവശ്യമില്ല, പ്രസക്തവുമല്ല.

In short, normally I don't care whether god exists or not, but when someone insists that he/she exists, then I may question back.

CKLatheef responded on August 4, 2010 at 12:17 AM #

താങ്കളുടെ ചിന്തകളെ അഭിനന്ദിക്കുകയും അതില്‍ നിന്ന് ചിലകാര്യങ്ങള്‍ ഞാന്‍ ഉള്‍കൊള്ളുകയും ചെയ്യുന്നു. തീര്‍ചയായും ദൈവവിശ്വാസത്തിന്റെ ഗുണഫലങ്ങള്‍ മനസ്സിലാക്കാന്‍ യുക്തിവാദികള്‍ക്ക് കഴിയുന്നില്ല എന്നിടത്ത് നിന്നാണ് യഥാര്‍ഥ നിഷേധം വരുന്നത്. ഓരോ മതത്തിലെയും യുക്തിവാദികള്‍ തങ്ങളുടെ മതത്തിലെ ദൈവസങ്കല്‍പം യുക്തിഹീനമെന്ന് കണ്ടാണ് മതനിഷേധിയായിട്ടുള്ളത് എന്നാണ് എന്റെ നിരീക്ഷണം. അതേ പോലെ ജബ്ബാറിനെ പോലുള്ളവര്‍ ഇസ്‌ലാമിലെ ദൈവവീക്ഷണത്തെക്കുറിച്ച് ശരിക്ക് പഠിക്കാത്തത് കൊണ്ടും. അദ്ദേഹം നല്‍കിയ ലിങ്കുകള്‍ വായിച്ചാല്‍ അത് ബോധ്യമാകും.

തിരിച്ച് ഏതാനും ചോദ്യങ്ങള്‍ ചോദിച്ചാല്‍ പ്രശ്‌നപരിഹാര സാധ്യത തെളിയും എന്ന ധാരണയിലെ പ്രയാസം താങ്കള്‍ അനുഭവിച്ചു എന്ന് കരുതട്ടെ. നിങ്ങള്‍ നിഷേധിക്കുന്ന ദൈവം ഏതാണ് എന്ന് ചോദിക്കുന്നവരോട് മതങ്ങള്‍ പരിചപ്പെടുത്തുന്ന ദൈവം എന്ന് മറുപടി പറയുമ്പോള്‍ ഉണ്ടാകുന്ന കണ്‍ഫ്യൂഷനാണ് അപ്പൂട്ടന് മറുപടി പറയാന്‍ താങ്കള്‍ക്ക് തടസ്സം എന്ന് കരുതാമോ. അതോ സമയക്കുറവോ.

യുക്തിവാദി ബ്ലോഗിലേക്കുള്ള ഒരു വഴിമാത്രമാകാതെ ഇവിടെ നല്‍കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് താങ്കളുടെ ചിന്തയില്‍നിന്നുള്ള മറുപടി കൂടി നല്‍കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

താങ്കളുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രാര്‍ഥനയും.

Subair responded on August 4, 2010 at 3:01 AM #

മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങളെ തന്നെയാണ്‌ ഞാൻ നിഷേധിക്കുന്നത്‌. എന്നുവെച്ചാൽ താങ്കളും മറ്റു വിശ്വാസികളും ഉണ്ട്‌ എന്നു പറയുന്ന ദൈവത്തെയാണ്‌ നിഷേധിക്കുന്നത്‌. അത്‌ യഹോവയായാലും കൃസ്തുവായാലും അല്ലാഹുവയാലും മുപ്പത്തിമുക്കോടി ദേവകളായാലും വ്യത്യാസമൊന്നുമില്ല.
========


ശരി, അപ്പോള്‍ മതങ്ങള്‍ പരിചയപ്പെടുത്താത്ത തരത്തിലുള്ള ദൈവത്തെ താങ്കള്‍ നിഷേധിക്കുകയില്ലേ?. മതരഹിത ആത്മീയതയില്‍ വിശ്വസിക്കുന്ന ആളുകളുണ്ട് താങ്കള്‍ക്കറിയാമായിരിക്കും. താങ്കള്‍ക്ക് അവരോട് എതിര്‍പ്പില്ലേ ?

ഞാന്‍ ജബ്ബാര്‍ മാഷിന് കൊടുത്ത മറുപടിയില്‍ പറഞ്ഞിരുന്നു, നിരീശ്വരവാദം തെറ്റാണ് എന്ന് തെളിയിക്കാന്‍ എനിക്ക് ഏതെങ്കിലും ഒരു മത സങ്കല്‍പം ശരിയാണെന്ന് സ്ഥാപിക്കെണ്ടാതില്ല. ഏറ്റവും ലളിതമായ നിര്‍വചന പ്രകാരമുള്ള ദൈവം എന്ന ഉണ്മ ഉണ്ടാകാമെങ്കിലും നിരീശ്വരവാദം തെറ്റാണ് എന്ന് വരും. അതുകൊണ്ടാണ് താങ്കള്‍ നിഷേധിക്കുന്ന ദൈവത്തെ നിര്‍വചിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടത്.

ഏതായാലും താങ്കള്‍ അതിന്‌ തയ്യാറാകതുകൊണ്ട്, ഈ ചര്‍ച്ചയുടെ ആവശ്യത്തിന് വേണ്ടി, ഞാന്‍ അത് ചെയ്യാം. ഈ ചര്‍ച്ചക്ക് വേണ്ടി ദൈവത്തെ നമ്മുക്ക് ലളിതമായി ഇങ്ങനെ നിര്‍വചിക്കാം. ഈ പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തിന് കാരണമായ, ആദിയും അവസാനവും ഇല്ലാത്ത, സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള (a personal being), പ്രപഞ്ചത്തിനും, പ്രാപഞ്ചിക നിയമങ്ങള്‍ക്കും അതീതനായ ഒരു ഉണ്മ. ഇനി നിരീശ്വരവാദം ശെരിയാണ് എന്ന് തെളിക്കാന്‍ അപ്പുക്കുട്ടന്‍ ചെയ്യേണ്ടത്, ഇത്തരം ഉണ്മ യാതൊരു കാരണവശാലും, ഇല്ല, ഉണ്ടാകില്ല എന്ന് തെളിയിക്കുകയാണ്. കാരണം ഇത്തരം ഒരു ശക്തി ഉണ്ടാകാം എന്ന് വന്നാല്‍, യുക്തിവാദം തെറ്റാണെന്ന് തെളിയും.

ഇവിടെ ഞാന്‍ പറഞ്ഞ നിര്‍വചനം ഇസ്ലാമിക, സെമിടിക്‌ ദൈവ സങ്കല്പതോട് വൈരുധ്യം പുലര്‍ത്തുന്നില്ലയെങ്കിലും പൂര്‍ണമായ ഇസ്ലാമിക ദൈവ സങ്കല്പം അല്ല ഞാന്‍ ഇവിടെ വിശദീകരിച്ചിട്ടുള്ളത്. ഇസ്ലാമിക ദൈവ സങ്കല്പത്തില്‍ വൈരുധ്യങ്ങള്‍ ഉള്ളതുകൊണ്ടോ, യുക്തി നിരക്കാതത്കൊണ്ടോ അല്ല അങ്ങനെ ചെയ്തത്, മറിച്ചു ചര്‍ച്ച കാട് കേറി പോകണ്ട എന്ന് കരുതിയാണ്.

ആപ്പുട്ടന്‍, കേവല നിരീശ്വരവാദം, തെറ്റാണ് എന്ന് സമ്മതിച്ചാല്‍, തീര്‍ച്ചയായും വിശ്വാസികളും അപ്പുട്ടനും തമ്മിലുള്ള അകല അല്‍പമെങ്കിലും കുറയും, പിന്നീട് മറ്റു അഭിപ്രായ വിത്യാസങ്ങളും, വിവിധ ദൈവ സങ്കല്‍പങ്ങളും, നമ്മുക്ക് വിശദമായി ചര്‍ച്ച ചെയ്യാവുന്നതാണ്.

Subair responded on August 4, 2010 at 3:05 AM #

സ്വാഭാവികമായും ഉണ്ട്‌ എന്നതിനു തെളിവുണ്ടെങ്കിലേ ഇല്ല എന്നതിന്‌ തെളിവുണ്ടാകൂ, കാരണം ആദ്യം അവകാശവാദവുമായി വന്നത്‌ ഉണ്ട്‌ എന്നു പറഞ്ഞാണ്‌. അതിന്‌ വ്യക്തമായ തെളിവ്‌ ഹാജരാക്കാൻ കഴിയാത്തവർ നിഷേധത്തിന്‌ തെളിവ്‌ ചോദിക്കുന്നത്‌ അർത്ഥശൂന്യമാണ്‌.
=========


തീര്‍ച്ചയായും വിശ്വാസികള്‍ യാതോരടിസ്ഥാനവുമില്ലാതെ അന്ധമായി വിശ്വസിക്കകുയല്ല. പലപ്പോഴും ദൈവം ഉണ്ട് എന്നതിന് വിശ്വാസികള്‍ കാരണങ്ങളും നിരതാറുണ്ട്. ഇവിടെ ഉണ്ട് എന്ന് ഒരു വിശ്വാസി, തനിക്ക് ബോധ്യപ്പെട്ട കാരണങ്ങളാല്‍ വിശ്വസിക്കുമ്പോള്‍, താങ്കള്‍ക്ക് ആ വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെടാമെന്കില്‍, ഇല്ല എന്ന് താങ്കള്‍ തറപ്പിച്ച് പറയുകയാണെങ്കില്‍, ആ വിശ്വാസം തെളിയിക്കാന്‍ ഒരു വിശ്വാസിക്കും ആവശ്യപ്പെടാവുന്നതാണ്. അതാണ്‌ ഞാന്‍ ചെയ്തത്.

ദൈവത്തെ യുക്തിയിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന് പറയുന്നവരെ ധാരാളം കണ്ടിട്ടുണ്ട്‌. അപ്പോൾ യുക്തിയിലൂടെ കണ്ടെത്താൻ കഴിയാത്ത ദൈവത്തെ യുക്തി പ്രയോഗിക്കുന്നവർ തള്ളിക്കളയും. അത്‌ യുക്തിശൂന്യമെങ്കിൽ പിന്നെന്താണ്‌ യുക്തി?
========


അപ്പുക്കുട്ടന്‍ മനസ്സിലാക്കേണ്ടത്, യുക്തിക്കതീതമായാതെല്ലാം (beyond reasoning) യുക്തിവിരുദ്ധമല്ല (against reasoning) എന്നതാണ്. യുക്തിവാദ പ്രകാരം, നിലനില്‍പ് എന്നതില്‍ മാത്രം അധിഷ്ടിതമായ പ്രകൃതിനിര്‍ധാരണം വഴി പരിണമിച്ചുണ്ടായ നമ്മുടെ തലച്ചോറിന് മനസ്സിലാകുന്നതിന് ആപ്പുറത്ത് ഒരു സത്യവുമില്ല എന്ന് പറയുന്നത് തെന്നെ വൈരുധ്യമാണ്. അത് യുക്തിവാദത്തിന്റെ കാര്യം. ഇവിടെ വിശ്വാസി ഏതായിരുന്നാലും യുക്തിവിരുദ്ദമായത് ഒന്നും വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നില്ല. ദൈവം ഉണ്ട് എന്നത് യുക്തിവും ബുദ്ധിയും ഉപയോഗിച്ച് ചിന്ധിച്ചാല്‍ മനസ്സിലാകും എന്ന് തെന്നെയാണ് വിശ്വാസി കരുതുന്നത്. നമ്മളെല്ലാം സംവദിക്കുനതും അത് കൊണ്ടാണല്ലോ ? യുക്തിക്കതീതം എന്ന്, യുക്തികൊനുണ്ടും, പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ണ്ട് മനസ്സിലാക്കാന്‍ കഴിയില്ല എന്നും പറയുന്നത്, പ്രാപഞ്ചിക നിയമങ്ങള്‍ക്ക് ആപ്പുറതുള്ള ആ ഉണ്മയുടെ അസ്തിത്വത്തെ കുറിച്ചുള്ള വിശദീകരണങ്ങളെ പറ്റിയാണ്, അഥവാ ദൈവം അങ്ങനെയാണ്, ഇങ്ങനെയല്ല മുതലായ കാര്യങ്ങള്‍. വിശ്വാസി, അത്തരം കാര്യങ്ങള്‍ അറിയാന്‍ വെളിപാടുകളെ ആശ്രയിക്കുന്നു.

ഇനി, ശാസ്ത്രം എന്നെങ്കിലും ദൈവത്തെ കണ്ടെത്തിയെന്നിരിക്കട്ടെ, അപ്പോൾ നിരാശരാകുക, ഒരുപക്ഷെ, യുക്തിവാദികളാകില്ല, മറിച്ച്‌ വിശ്വാസികൾ തന്നെയായിരിക്കും. കാരണം അയഥാർത്ഥമാംവിധം വൈരുദ്ധ്യങ്ങളുണ്ട്‌ ദൈവസങ്കൽപങ്ങളിൽ.
==========


ഇവിടെയും അപ്പുക്കുട്ടന്റെ ഊന്നല്‍ മതങ്ങളുടെ ദൈവ സങ്കല്‍പം ശരിയല്ല എന്നതിലേക്കാണ്. മതങ്ങളെ വിട്ടു ദൈവത്തെ കുറിച്ച് താങ്കള്‍ക്ക് ഉള്ള അഭിപ്രായമാണ് പറയേണ്ടത്. താങ്കള്‍ പറഞ്ഞതില്‍ നിന്നും തെന്നെ, ശാസ്ത്രം ദൈവം ഇല്ല എന്ന് ഇത് വരെ തെളിയിച്ചിട്ടില്ല എന്ന് വരുന്നു, എങ്കില്‍ പിന്നെ യുക്തിവാദികള്‍ ദൈവം ഇല്ല എന്ന് തറപ്പിച്ച് പറയരുത്.


എന്റെ നിർവ്വചനത്തിൽ, മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്ക്‌ കടന്നുകയറാത്ത ഏതു പ്രവർത്തിയിലും അധാർമ്മികതയില്ല.

ഇത് ഞാന്‍ എന്‍റെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ, താങ്കളുടെ വൈയക്തികമായ അഭിപ്രായമാണ്. ഇത് കേവലമൊ, എല്ലാ യുക്തിവാദികള്‍ക്കും യുക്തിപരമായി തോന്നുന്നതോ ആയിക്കൊള്ളണമെന്നില്ല. എന്‍റെ പൊയന്റും അത് തെന്നെയായിരുന്നു.

ഒരുപക്ഷെ, ഇന്ന് എന്നോടാരും ദൈവവിശ്വാസത്തെക്കുറിച്ച്‌ സംസാരിച്ചിട്ടില്ലെങ്കിൽ ദൈവം, ദൈവനിഷേധം എന്നീ ചിന്തകൾ എന്റെ മനസിൽ കടന്നുവരാനുള്ള സാധ്യത വളരെ കുറവാണ്‌.

ഈ പ്രപഞ്ചതിന്നു കാരണമായ മറ്റൊരു മറ്റൊരു ശക്തിയുണ്ടോ എന്നതും, നാം എവിടെ നിന്നും വന്നു എന്നും എങ്ങോട്ട് പോകുന്നു എന്നും, ജീവതത്തിന്റെ ലക്‌ഷ്യം എന്താണ് എന്നുമുള്ള മൌലികമായ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് മതങ്ങളും ദൈവങ്ങളും കടന്നു വരുന്നത്. ഇത് സഹസ്രാബ്ദങ്ങളായി മനുഷ്യന്‍ വിശ്വസിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമാണ്, അത് കൊണ്ട് തെന്നെ ഇത്തരം ചോദ്യങ്ങളോട് indifferent ആയ ഒരു സമീപന ഉണ്ടാവുക എന്നത്, ചിന്താശേഷിയുള്ള വര്‍ക്ക് യോചിച്ചതല്ല എന്നാണ് ഞാന്‍ കരുതുന്നത്.

Subair responded on August 4, 2010 at 3:29 AM #

തിരിച്ച് ഏതാനും ചോദ്യങ്ങള്‍ ചോദിച്ചാല്‍ പ്രശ്‌നപരിഹാര സാധ്യത തെളിയും എന്ന ധാരണയിലെ പ്രയാസം താങ്കള്‍ അനുഭവിച്ചു എന്ന് കരുതട്ടെ. നിങ്ങള്‍ നിഷേധിക്കുന്ന ദൈവം ഏതാണ് എന്ന് ചോദിക്കുന്നവരോട് മതങ്ങള്‍ പരിചപ്പെടുത്തുന്ന ദൈവം എന്ന് മറുപടി പറയുമ്പോള്‍ ഉണ്ടാകുന്ന കണ്‍ഫ്യൂഷനാണ് അപ്പൂട്ടന് മറുപടി പറയാന്‍ താങ്കള്‍ക്ക് തടസ്സം എന്ന് കരുതാമോ. അതോ സമയക്കുറവോ
======


ലതീഫ്‌, താങ്കളുടെ അഭിപ്രായത്തിനും, പ്രാര്‍ഥനക്കും ഒരു പാട് നന്ദി. ചോദ്യങ്ങള്‍ ചോദിച്ചാല്‍ യുക്തിവാദികള്‍ ഉത്തരം മുട്ടുമെന്നോ, എല്ലാ അഭിപ്രായ വിത്യാസങ്ങളും തീരുമെന്നോ ഞാന്‍ കരുതുന്നില്ല. പക്ഷെ ചുരുങ്ങിയ പക്ഷം ചര്‍ച്ച one sided ആവാതെ ഇരിക്കുകയെങ്കിലും ചെയ്യും.

സമയക്കുറവും മടിയും മൂലം പിന്നെ മറുപടി ചെയ്യാം എന്ന് കരുതിയതാണ്, കണ്ഫുഷ്യന്‍ ആയതുകൊണ്ടാന്നുമല്ല. എന്നിരുന്നാലും വിമര്‍ശകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാനുള്ള വിജ്ഞാനമോന്നും എനിക്കില്ല. ജബ്ബാര്‍ മാഷിന്റെയും, സിശീല്‍ കുമാറിന്റെയും ഒക്കെ കമ്മന്റില്‍ ഇടുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ഒരു പോസ്റ്റായി ഇട്ടുകൂടാ എന്ന് തോന്നിയത് കൊകൊണ്ടാണ് ബ്ലോഗ്‌ തുടങ്ങിയത്. തിരുത്തേണ്ടതുണ്ട് എങ്കില്‍ അറിയിക്കണം. സമയം കിട്ടുമ്പോള്‍ ഇനിയും പോസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു. ഇന്ഷ അല്ലാ.

അപ്പൂട്ടൻ responded on August 9, 2010 at 5:02 AM #

സുബൈർ,
എനിക്കും ഉണ്ട്‌ അസാരം മടിയും സമയക്കുറവും. താങ്കളുടെ തന്നെ ബ്ലോഗിൽ ഞാൻ കമന്റെഴുതിയത്‌ വയിച്ചുകഴിഞ്ഞും കുറച്ചുദിവസങ്ങൾക്ക്‌ ശേഷമാണ്‌. പല ബ്ലോഗിലും ഈയൊരു കമന്റെഴുതാൻ തയ്യാറെടുത്തുവരുമ്പോഴേയ്ക്കും ചിലപ്പോൾ അടുത്ത പോസ്റ്റ്‌ വന്നുകഴിഞ്ഞിരിക്കും :)

ഇവിടെ താങ്കളുടെ എല്ലാ പോയിന്റുകൾക്കും ഒറ്റയടിയ്ക്കൊരു ഉത്തരം തരാൻ സമയലഭ്യത ഒരു പ്രശ്നമായുണ്ട്‌. അതിനാൽ ഓരോന്നായി പറയുന്നതായിരിക്കാം നല്ലതെന്ന് തോന്നുന്നു. ഒന്നിലെ ചർച്ച കഴിഞ്ഞുമതി അടുത്തതെങ്കിൽ അങ്ങിനെയാവാം, മറിച്ച്‌ എല്ലാത്തിനും ഞാൻ കമന്റിട്ടതിനുശേഷം തുടരാമെങ്കിൽ അങ്ങിനെയുമാവാം. താൽപര്യം എന്തെന്ന് അറിയിക്കുമല്ലൊ.

മതങ്ങൾ പരിചയപ്പെടുത്തുന്ന ദൈവങ്ങൾക്കാണ്‌ പൊതുവിൽ ഒരു പ്രാർത്ഥനയുടെയും (ചിലപ്പോഴെങ്കിലും ചൂഷണത്തിന്റെയും) രീതിയുള്ളത്‌. വിശ്വാസത്തിന്റെ പേരിൽ ജനക്കൂട്ടങ്ങളെ ഉണ്ടാക്കാൻ ഒരുവിധം എല്ലാ വിഭാഗവും (മതഭേദമന്യേ) ശ്രമിക്കുന്നുണ്ട്‌.
താങ്കൾ പറഞ്ഞ മതരഹിത ആത്മീയതയിൽ വിശ്വസിക്കുന്നവർ മുൻനിശ്ചയിച്ച ചിട്ടകളിലേയ്ക്ക്‌ ജനക്കൂട്ടത്തെ ആവാഹിക്കാറില്ല. അവരെ സംബന്ധിച്ചിടത്തോളം അത്‌ അവരുടെ മാത്രം ഒരു ജീവിതരീതിയാണ്‌, മറ്റൊരാളും അത്‌ ചെയ്യണമെന്ന് അവർ പറയുന്നില്ല, സ്വർഗ്ഗവും നരകവും അവർക്ക്‌ വസ്തുതയല്ലതാനും. അതിൽ ഞാനെന്തിന്‌ ഇടപെടണം? ഇത്തരം ദൈവങ്ങളെ മതങ്ങൾ തന്നെ നിരാകരിക്കുന്നുമുണ്ട്‌, ആവശ്യം വ്യത്യസ്തമാണെങ്കിൽപ്പോലും. ഇങ്ങിനെയൊരു ദൈവം ഉണ്ടെങ്കിലെന്ത്‌, ഇല്ലെങ്കിലെന്ത്‌ എന്ന് മുൻപൊരിക്കൽ ഇസ്ലാം വിശ്വാസിയായ ഒരു ബ്ലോഗർ ചോദിച്ചിരുന്നു.

ദൈവം എന്നത്‌ ഒരു metaphor ആയി ഉപയോഗിക്കുന്നവരും ഉണ്ട്‌. പ്രപഞ്ചമാണീശ്വരൻ, സ്നേഹമാണ്‌, അറിവാണ്‌ ദൈവം എന്നൊക്കെ ആളുകൾ പറഞ്ഞു കേൾക്കാറുണ്ട്‌. അത്തരത്തിലൊരു ദൈവവും താങ്കൾ പറയുന്ന തരത്തിലുള്ള ദൈവമല്ല, ഒരു ശക്തിയല്ല. ഇതിനെയൊക്കെ ദൈവത്തെയെന്ന പോലെ ആരാധിക്കുന്നുണ്ടോ എന്ന് താങ്കൾക്കുതന്നെ ചിന്തിക്കാവുന്നതാണ്‌.

ഞാൻ നിഷേധിക്കുന്ന ദൈവത്തെ ഞാൻ നിർവ്വചിച്ചല്ലൊ, മതങ്ങൾ പരിചയപ്പെടുത്തുന്ന ദൈവത്തെയാണ്‌ (ദൈവങ്ങളേയാണ്‌ എന്നുവേണം പറയാൻ) ഞാൻ നിഷേധിക്കുന്നത്‌ എന്നു പറയുമ്പോൾ അതിൽത്തന്നെയുണ്ട്‌ നിർവ്വചനം എന്നാണ്‌ ഞാൻ കരുതുന്നത്‌.
താങ്കൾ ഒരു നിർവ്വചനം പറഞ്ഞു, അതുണ്ടോ എന്ന് തെളിയുന്നതിനു മുൻപ്‌ അതില്ല എന്ന് തെളിയിക്കണമെന്ന് പറയുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. ഒഴിഞ്ഞുമാറലല്ല, മറിച്ച്‌ യുക്തിവാദം എന്തെന്ന് എന്റെ അറിവിലുള്ളത്‌ പറയാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌.

Could you please remove word verification, it would be helpful.

അപ്പൂട്ടൻ responded on August 9, 2010 at 5:06 AM #

ഇല്ലാത്ത ഒരു വസ്തുവിനെ യുക്തിപൂർവ്വം നിർവ്വചിച്ച്‌ നിഷേധിക്കാൻ സാധിക്കില്ല. അങ്ങിനെ അല്ലാതെ നിഷേധിക്കാം, വളരെയെളുപ്പത്തിൽ. സുശീൽ പറഞ്ഞ ഗ്ലിംഗ്ലാംഗ്ലൂം എന്ന വസ്തു (ഇല്ലാത്ത ഒന്ന്, പക്ഷെ താങ്കളുടെ അഭിപ്രായത്തിൽ നിർവ്വചനം ആവശ്യമായത്‌) വേണമെങ്കിൽ മുപ്പത്തിമൂന്ന് കാലുകളും ഇരുപത്തിരണ്ട്‌ കണ്ണുകളും പതിമൂന്നര കൊമ്പും ഉള്ള കറുത്ത നിറമുള്ള ആനയുടെ വലിപ്പമുള്ള ഭൂമിയിൽ ജീവിക്കേണ്ട ഒരു ജീവി ആണെന്ന് നിർവ്വചിക്കാം, ഇല്ലെന്നതിന്‌ തെളിവായി ആരും കണ്ടിട്ടില്ല എന്നും പറയാം (ഫിസിക്കൽ ഫീച്ചേഴ്സ്‌ ഉള്ളതിനാൽ കണ്ടല്ലേ പറ്റൂ). ഇല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇനി ഉണ്ടെന്ന് തെളിയിക്കേണ്ടത്‌ താങ്കളാണ്‌..... ഇത്രയും ഒരു വാദം.

പക്ഷെ, in essence, യുക്തിവാദം ഇതല്ല. ഉണ്ടെന്നതിന്റെ തെളിവിനെ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത്‌ യുക്തിഭദ്രമായ നിഗമനത്തിലെത്തുകയാണ്‌ യുക്തിവാദം ചെയ്യുന്നത്‌, അഥവാ ചെയ്യേണ്ടത്‌. അതിനാൽ ഇല്ലാത്ത ഒന്നിനെ തള്ളിക്കളയാൻ വേണ്ടി ഒരു നിർവ്വചനം കൊണ്ടുവരേണ്ട ആവശ്യം യുക്തിവാദത്തിനില്ല, മറിച്ച്‌ ഉണ്ട്‌ എന്ന് പറയപ്പെടുന്ന ഒന്നിനെ അതിന്റെ നിർവ്വചനങ്ങൾക്കനുസരിച്ച്‌ വിശകലനം ചെയ്യേണ്ട ആവശ്യമേയുള്ളു. എന്റെ കഴിഞ്ഞ കമന്റിന്റെ അവസാനഭാഗത്ത്‌ ഞാൻ പറയാൻ ഉദ്ദേശിച്ചതും അതാണ്‌.

ഇനി പറയൂ, ഇല്ല എന്നതിന്‌ തെളിവാണോ, ഉണ്ട്‌ എന്നതിനുള്ള തെളിവാണോ ആദ്യം വരേണ്ടത്‌?

ഇനി, താങ്കളുടെ നിർവ്വചനത്തിലേയ്ക്ക്‌ കടക്കാം. അത്‌ ഒരു സ്പെസിഫിക്‌ നിർവ്വചനം അല്ല എന്നറിയാം, കാരണം, മതങ്ങളുടെ നിർവ്വചനത്തിലെ ദൈവം ഇതിലുമധികം കാര്യങ്ങൾ ശ്രദ്ധിക്കുന്ന, നടപ്പിലാക്കുന്ന ദൈവമാണ്‌. ഏതായാലും, താങ്കളുടെ നിർവ്വചനം തന്നെയാകാം. പക്ഷെ, അതിനു മുൻപ്‌, ചില ചോദ്യങ്ങൾ ചോദിക്കട്ടെ (ചില തർക്കങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ്‌, ജയിക്കാനോ തോൽപ്പിക്കാനോ അല്ല)

പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന്‌ കാരണമായ ശക്തി എന്നാണല്ലൊ ആദ്യം പറഞ്ഞത്‌.
ഉത്ഭവം എന്നതുകൊണ്ട്‌ താങ്കൾ എന്താണ്‌ ഉദ്ദേശിച്ചത്‌? ബിഗ്‌ബാങ്ങ്‌ പോലുള്ള കാര്യമാണോ അതോ അതിനുശേഷവും നടന്ന നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ഒക്കെ ഫോർമേഷൻ അടങ്ങുന്ന പ്രക്രിയയാണോ?

സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിവുള്ള ശക്തി എന്നുപറയുമ്പോൾ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? സാധാരണ ഭൗതികനിയമങ്ങൾക്കതീതമായ തീരുമാനങ്ങളാണോ അവ? കുറച്ച്‌ ഉദാഹരണങ്ങൾ സഹായിച്ചേയ്ക്കും.

ea jabbar responded on August 18, 2010 at 2:38 AM #

അല്ലാഹു എന്ന ദൈവം ഇല്ല എന്നെനിക്കുറപ്പുണ്ട്. അതു ഞാന്‍ തെളിയിക്കാം. !
മറ്റു ദൈവങ്ങളുടെ കാര്യം പിന്നീടാകാം

Faizal Kondotty responded on August 25, 2010 at 3:26 PM #

tracking...

Subair responded on August 25, 2010 at 11:28 PM #

@അപ്പൂട്ടന്‍

ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ അസന്തിഗ്തമായി തെളിയിക്കാന്‍ കഴിയില്ല എന്നും, എന്നാല്‍ ഉണ്ടാവാനാണോ ഇല്ലാതിരിക്കാനാണോ കൂടുതല്‍ സാധ്യത എന്ന് പരിശോധിക്കാനെ നമ്മുക്ക് കഴിയൂ എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ദൈവം ഇല്ല എന്ന് തെളിയിക്കാമോ എന്ന എന്‍റെ ചോദ്യത്തിന്‍റെ താല്പര്യം ഇത് സ്ഥാപിക്കലായിരുന്നു.

ഇവിടെ പല മതക്കാര്‍ക്കും പല ദൈവ സങ്ങല്പങ്ങള്‍ ഉണ്ട്. അതുകൊണ്ട് തെന്നെ ദൈവത്തെ കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും, ആ വാക്കിനെ നിര്‍വചിച്ചു കൊണ്ട് വേണം തുടങ്ങാന്‍. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയില്‍, പൂര്‍ണമായ അര്‍ത്ഥത്തിലുള്ള ക്രൈസ്തവ-ഇസ്ലാമിക ദൈവ സങ്കല്‍പം എടുത്താല്‍ ചര്‍ച്ച ദൈവത്തിന്‍റെ വിശേഷണങ്ങളെ കുറിച്ച് ആകുകയും (ജബ്ബാര്‍ മാഷ്‌ ചെയ്ത പോലെ) ചര്‍ച്ച നീണ്ടു പോകുകയും ചെയ്യും. പക്ഷെ ക്രൈസ്തവ-ഇസ്ലാമിക ദൈവ സങ്ങല്പത്തിലെ ഏറ്റവും ലളിതമായ അര്‍ത്ഥത്തിലുള്ള സൃഷ്ടികര്‍ത്താവായ ദൈവം ഉണ്ടാകാം എന്ന് വന്നാല്‍ തെന്നെ നിരീശ്വര വാദം തെറ്റാണ് എന്ന് വരും. നമ്മുടെ ചോദ്യത്തിന് ഉത്തരം ആകുകയും ചെയ്യും. അതിനാണ് ഞാന്‍ ദൈവം എന്നാ വാക്കിന്, ഇസ്ലാമിക ദൈവ സങ്കല്പത്തിന് എതിരല്ലാത്ത രീതിയിലുള്ള, ഏറ്റവും ലളിതമായ നിര്‍വചനം നല്‍കുകയും ആ നിരവചന പ്രകാരമുള്ള ദൈവം ഇല്ല എന്ന് തെളിയിക്കാനാകുമോ എന്നും ചോദിച്ചത്.

ഇനി എന്‍റെ നിരവച്ചനതിലേക്ക്: താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍:

പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന്‌ കാരണമായ ശക്തി എന്നാണല്ലൊ ആദ്യം പറഞ്ഞത്‌.
ഉത്ഭവം എന്നതുകൊണ്ട്‌ താങ്കൾ എന്താണ്‌ ഉദ്ദേശിച്ചത്‌? ബിഗ്‌ബാങ്ങ്‌ പോലുള്ള കാര്യമാണോ അതോ അതിനുശേഷവും നടന്ന നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ഒക്കെ ഫോർമേഷൻ അടങ്ങുന്ന പ്രക്രിയയാണോ?
=============


എന്‍റെ പരിമിതമായ അറിവ് അനുസരിച്ച് പ്രപഞ്ചവും, സമയവും ആരംഭിച്ചത് ബിഗ്‌ബാങ്ങ്‌ മൂലമാണ്. ഇത് ശരിയാണെങ്കില്‍ ഈ പ്രപഞ്ചത്തിന് കാരണമായ ബിഗ്‌ബാങ്ങിനു കാരണമായ ശക്തി എന്ന് ദൈവത്തെ വിളിക്കാം.

സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിവുള്ള ശക്തി എന്നുപറയുമ്പോൾ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? സാധാരണ ഭൗതികനിയമങ്ങൾക്കതീതമായ തീരുമാനങ്ങളാണോ അവ? കുറച്ച്‌ ഉദാഹരണങ്ങൾ സഹായിച്ചേയ്ക്കും
==========


സ്വന്തമായി തീരുമാങ്ങളെടുടുക്കാന്‍ കഴിവുള്ള ശക്തി എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്, ദൈവം എന്നത് ഒരു കേവലം ഓരു പ്രകൃതി ശക്തി അല്ല, മറിച്ചു വേണം എന്ന് കരുതിതെന്നെ ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ച ഒരു ശക്തി (not a natureal cause but a personal being) ആണ് എന്നതാണ്.

Subair responded on August 25, 2010 at 11:29 PM #

സാന്ദര്‍ഭികമായി പറയട്ടെ ദൈവം ഉണ്ട് എന്ന് തെളിയിക്കാന്‍ ഉപയോഗിക്കുന്ന ശക്തമായ ഒരു വാദഗതിയാണ് കോസ്മോളജിക്കല്‍ ആര്‍ഗ്യുമന്റ്റ് (cosmological argument).

അതിനെ ഇങ്ങനെ സംഗ്രഹിക്കാം.

1. ഉത്ഭവം ഉള്ള എതോന്നിനും ഒരു കാരണം ഉണ്ടാകും.
2. ഈ പ്രപഞ്ചത്തിന് ഒരു ആരഭം ഉണ്ട്.
3.അത് കൊണ്ട് ഈ പ്രപഞ്ചത്തിന് ഒരു കാരണം ഉണ്ട്.

ഇനി നമ്മുക്കറിയാം, ബിഗ്‌ബാങ്ങോട് കൂടിയാണ് സമയം ഉണ്ടായത് എന്ന്, അതായത് "ബിഗ്‌ബാങ്ങിനു മുമ്പ്" സമയമോ, സംഭവങ്ങളോ (events) ഇല്ല, അതുകൊണ്ട് തെന്നെ ഇവിടെ ബിഗ്‌ബാങ്ങിന് കാരണമായ ശക്തി കേവലം ഒരു പ്രകൃതി ശക്തി (natural cause) ആയിരിക്കാന്‍ വഴിയില്ല, മറിച്ച് സമയത്തിന് അതീതമായ ലോകത്ത് നിന്നും സമയ ബന്ധിതമായ ലോകത്തെ സൃഷ്ടിക്കാന്‍ കഴിയുന്ന തീരുമാനങ്ങേളെടുക്കാന്‍ കഴിവുള്ള ഒരു ശക്തിയാരിക്കണം. ( ബിഗ്‌ ബാങ്ങിനു മുമ്പ് എന്ത് എന്ന് ചോദിക്കുന്നത്, ഉത്തരദ്രുവത്തിനു വടക്ക് എന്ത്, എന്ന് ചോദിക്കുന്നത് പോലെ, അസംബന്ധമാണ് എന്ന് സ്റ്റീഫന്‍ ഹ്വാകിംഗ് എഴിയത് വായിച്ചിട്ടുണ്ട്, അതെ പോലെ തെന്നെ ക്വാണ്ടം തിയറിയും, ആപേക്ഷികതാ സിദ്ധാന്തവുംയോചിപ്പിക്കാന്‍ കഴിഞ്ഞാല്‍, ഭൌതിക നിയമങ്ങള്‍ക്ക് അപ്പുറത്തുള്ള ബിഗ്‌ബാങ്ങിന്റെ ആദ്യ നിമിഷങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കാം എന്ന അദ്ദേഹത്തിന്‍റെ പ്രതീക്ഷയും. ഇവിടെ ഇത്തരം കാര്യങ്ങളെ കുറിച്ച് വലിയ അറിവുള്ള ആളല്ല ഞാന്‍ എന്ന് ആദ്യമേ പറയെട്ടെ. ഒരു സാധാരണക്കാരെന്‍റെ കാഴ്ചപ്പാടില്‍(layman's point of view) ഈ വക കാര്യങ്ങളെ നോക്കിക്കാണുകയാണ് ഞാന്‍. വസ്തുതാപരമായ തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്).

അതെ പോലെ തെന്നെ ഞാന്‍ പറഞ്ഞ ശക്തി സമയത്തിന് അപ്പുറത്തുള്ള തായതുകൊണ്ട്, സമയത്തിന് അപ്പുറത്തുള്ള (beyond time) ഈ ശക്തിയുടെ ഉത്ഭവത്തിന് കാരണം എന്ത് എന്ന ചോദ്യവും അപ്രസക്തമാകും.

നോക്കൂ, ഇവിടെ ഇത്തരം ഒരു ശക്തി ഉണ്ടാകാം എന്ന് വന്നാല്‍ തെന്നെ നിരീശ്വവാദം തെറ്റാണ് വരും. ഇവിടെ ഞാന്‍ പറഞ്ഞ തരത്തിലുള്ള ദൈവം ഉണ്ടാകുന്നതാണ് കൂടുതല്‍
യുക്തിപരം എന്നുള്ളതിന് ഒരു വാദഗതിയാണ് ഞാന്‍ നല്‍കിയത്. ഇത്തരത്തില്‍ പെട്ട ഒരു ശക്തി ഒരു കാരണവശാലും ഇല്ല എന്നാണു താങ്കള്‍ തെളിയിക്കേണ്ടത്.

ഇനി ബിഗ്ബാങ്ങിന്റെ കാരണം, ക്വാണ്ടം മേകാനിസം പോലെയുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ഭാവിയില്‍ ശാസ്ത്രം വിശദീരിചെക്കാം എന്നാണു താങ്കളുടെ വാതഗതിയെങ്കില്‍, എനിക്ക് പറയാനുള്ളത്, ശരി നാം അറിഞ്ഞിടത്തോളം ദൈവം ഉണ്ടാകാനാണ് സാധ്യത, ഇനി ശാസ്ത്രം നാളെ പുതുതായി എന്തെങ്കിലും കണ്ടെതുകായാണെങ്കില്‍, എന്‍റെ നിലപാടുകള്‍ അപ്പോള്‍ പുനപരിശോധിക്കാം എന്നാണ്.

Subair responded on August 25, 2010 at 11:37 PM #

@ജബ്ബാര്‍

ഈ പോസ്റ്റിലെ വിഷയം നിരീശ്വര വാദം ശരിയാണോ തെറ്റാണോ എന്നതായിരുന്നു. താങ്കള്‍ നിരീശ്വര വാദം തെറ്റാണ് എന്നും, സൃഷ്ടികര്‍ത്താവായ ദൈവം ഉണ്ടാകാം എന്നും സമ്മദിക്കുന്നു എങ്കില്‍, ഇസ്ലാമിലെ ദൈവ സങ്കല്പം ചര്‍ച്ച ചെയ്യുന്നതില്‍ വിരോധമില്ല.

ഒരു വിഷയത്തില്‍ നിന്നും മറ്റൊരു വിഷയത്തിലേക്ക് പോകുന്നതിന് മുമ്പ് ആ വിഷയം അവസാനിപ്പിക്കുനതെല്ലേ ഭംഗി ?

ea jabbar responded on September 1, 2010 at 9:55 AM #

നിരീശ്വരവാദികള്‍ക്കു നിഷേധിക്കാന്‍ മാത്രമായി ഒരു സവിശേഷ ദൈവം വേറെ വേണമെന്ന സുബൈറിന്റെ വാദം അതിവിചിത്രമായി തോന്നുന്നു. മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങളെയാണു നിരീശ്വരവാദികള്‍ നിഷേധിക്കുന്നത്. വേറെയൊരു ദൈവത്തെ സ്വയം ഉണ്ടാക്കി അതിനെ നിഷേധിക്കേണ്ട കാര്യം നിരീശ്വരവാദിക്കുണ്ടെന്നു തോന്നുന്നില്ല.

..naj responded on September 1, 2010 at 1:37 PM #

Dear Blogger,

Malayalee ethiest have many problems in accepting the truth. I have met many western ethiest and discussed about this topic. Their quality is far different than out malayalee athiest friends. They respect the opinion of others and will accept once they get to the extent to the subject. Malayalee is like nursery students as we should feed everything but most of them have digestive problem. It is impossible to bring such mind into the universal truth until we show the God in our hand.

I think better leave them alone as this will do no impact but only in their circle like ""HALLE LUYA"".

Fazil responded on October 12, 2010 at 11:00 AM #

മാഷിനു സുബൈര്‍ ചര്‍ച്ചചെയ്യുന്ന കാര്യം മനസ്സിലാകാഞ്ഞിട്ടോ, അതോ സുബൈറിന്റെ ചര്‍ച്ച എങ്ങനെ എങ്കിലും ദിശമാറ്റാനുള്ള വിഫലശ്രമമോ?

ഗുരുത്വാകര്‍ഷണബലം എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് പൂര്‍ണ്ണമായും തെളീക്കാന്‍ ശാസ്ത്രത്തിനു സാധിച്ചിട്ടില്ല. എന്നിട്ടും എല്ലാവരും ഗുരുത്വാകര്‍ഷണബലം ഉണ്ട് എന്ന് വിശ്വസിക്കുന്നു. ഏതൊരു സാധനവും താഴോട്ട് വീഴുന്നതുകൊണ്ടാണങ്ങനെ വിശ്വസിക്കുന്നത്. ഒരു സാധനം താഴേക്ക്‌ വീഴാന്‍ കാരണമായിട്ടുള്ള വസ്തുതയാണ് ഗുരുത്വാകര്‍ഷണബലം എന്ന് പറയാം.

ഈ പ്രപഞ്ചത്തിലെ ഊര്‍ജ്ജവും പദാര്‍ത്ഥവും എങ്ങനെ ഉണ്ടായി? സമയം അനന്തമല്ല എന്നും ഊര്‍ജ്ജമോ പദാര്‍ത്ഥമോ സ്വയം ഉണ്ടാകില്ല എന്നും ശാസ്ത്രം പറയുമ്പോള്‍ ഇതൊക്കെ പിന്നെ എങ്ങനെ ഉണ്ടായി? ഈ പ്രപഞ്ചം ഉണ്ടാകാന്‍ കാരണമായ ആ വസ്തുതയെ ദൈവം എന്നും പറയാം.

ഒരു സാധനം താഴേക്ക്‌ വീഴാന്‍ കാരണമായിട്ടുള്ള വസ്തുത ഗുരുത്വാകര്‍ഷണബലം ആണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ സാധനം ഉണ്ടാകാന്‍ കാരണമായ വസ്തുതയെ ദൈവം എന്ന് വിളിക്കാനും പ്രയാസം ഉണ്ടാകില്ല.

ദൈവം എന്നത് ഗുരുത്വാകര്‍ഷണബലം പോലെയുള്ള ഒരു ബലം ആണോ എന്ന് ചോദിക്കാം? അല്ല, മറിച്ച് ദൈവ വിശ്വാസം എന്നത് ഗുരുത്വാകര്‍ഷണബലത്തില്‍ ഉള്ള വിശ്വാസം പോലെയൊന്നാണ്.

മുകളില്‍ നല്‍കിയത് സുബൈര്‍ നിര്‍വചിച്ച ദൈവത്തില്‍ നിന്നുള്ള ഒരു ഭാഗം മാത്രം ആണ്. ഇത് ദൈവത്തിനുള്ള പൂര്‍ണ്ണ വിശദീകരണമാകുന്നില്ല. മത വിശ്വാസികള്‍ അല്ലാത്ത നിരവധി ആളുകളും മുസ്ലിങ്ങള്‍ അടക്കമുള്ള നിരവധി മത വിശ്വാസികളും സുബൈര്‍ നല്‍കിയ നിര്‍വചനത്തോട് സാമ്യമുള്ള ദൈവവിശ്വാസം പിന്തുടരുന്നവരാണ്(നിഷേധിക്കാനായി ഒരു സവിശേഷ ദൈവത്തെ ഉണ്ടാക്കെണ്ടാതില്ല). അപ്പോള്‍ അത്തരത്തില്‍ ഉള്ള ഒരു ദൈവം ഇല്ല എന്ന് തെളീക്കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കണം. അല്ലാത്ത പക്ഷം നിരീശ്വരവാദത്തിന്റെ സ്വീകാര്യത മറ്റേതു മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും സ്വീകാര്യതക്ക് തുല്ല്യമാണ്.

Post a Comment